visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

Asia

Home / News/ Asia
afghan photojournalist roya heydari

അവർ പറഞ്ഞു നീ കൊല്ലപ്പെടരുത്, അഫ്‌ഗാൻ വിടണം, താലിബാനെതിരെ സംസാരിക്കണം,ചലച്ചിത്രകാരിയും ഫൊട്ടോ ജേണലിസ്റ്റുമായ റോയാ ഹൈദരി ട്വിറ്ററിൽ കുറിച്ച വാക്കുകൾ

By - Siju Kuriyedam Sreekumar -- Wednesday, September 15, 2021 , 09:44 PM
Click Here To Read in English

‘അഫ്‌ഗാനിലെ ജീവിതവും വീടും ഉപേക്ഷിച്ച് ഞാൻ യാത്ര പോവുന്നു. എന്റെ ക്യാമറകളും മരിച്ച ആത്മാവും പേറിയാണ് ഈ പിൻമാറ്റം. സ്വന്തം ശബ്‌ദം ഇനിയും തുടരാൻ ഇതല്ലാതെ എനിക്ക് വേറെ വഴിയില്ല...’  ചലച്ചിത്രകാരിയും ഫൊട്ടോ ജേണലിസ്റ്റുമായ റോയാ ഹൈദരി ട്വിറ്ററിൽ കുറിച്ച വാക്കുകൾ വന്നുപതിച്ചത് പലരുടെയും ഹൃദയങ്ങളിലാണ്. അവർ തിരഞ്ഞു, ആരാണ് റോയാ ഹൈദരി? എന്തിനാണ് അവർ പലായനം ചെയ്യുന്നത്?  
afghan photojournalist roya heydari
അഫ്‌ഗാനിലെ ജനജീവിതം ലോകത്തോട് സധൈര്യം വിളിച്ചുപറഞ്ഞ എണ്ണം പറഞ്ഞ മാധ്യമപ്രവർത്തകരിൽ ഒരാളാണ് റോയ. മനുഷ്യപക്ഷത്തു നിന്നാണ് എന്നും മാധ്യമപ്രവർത്തനം നടത്തിയത്. കാബൂളിന്റെ അകവും പുറവും തുറന്നുവച്ച അവരുടെ ചിത്രങ്ങൾ ഒരു നാടിന്റെ വിലാപം ഉറക്കെ പങ്കുവച്ചു. താലിബാൻ ഭീകരതയെ തുടർന്ന് ജന്മനാടിനോടു വിട പറഞ്ഞ് ഫ്രാൻസിൽ അഭയം തേടിയിരിക്കുകയാണിപ്പോൾ റോയ. 
സ്ത്രീകളുടെ ന്യായമായ അവകാശങ്ങളോട്  മുഖം തിരിച്ച താലിബാൻ ഭരണത്തിനു കീഴിൽ ജീവനു ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് റോയ പലായനം ചെയ്തത്. രണ്ട് ലാപ്ടോപ്, രണ്ട് ക്യാമറ... യാത്ര പറയുമ്പോൾ റോയാ ഹൈദരി കൂടെ കൂട്ടിയത് ഇവയാണ്. പിന്നീട് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ജനങ്ങളുമായി സംവദിക്കുകയും അനുഭവങ്ങൾ തുറന്നെഴുതുകയും ചെയ്‌തു. ‘ദ് വീക്ക്’ ലേഖകൻ രാഹുൽ ദെവുലാപ്പള്ളിയുമായി നടന്ന ഫോൺ അഭിമുഖത്തിൽ റോയ മനസ്സു തുറക്കുന്നു. ഒരു നാടിന്റെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശുന്ന ആ അനുഭവങ്ങളിലൂടെ...
‘അഫ്‌ഗാൻ വിടാൻ മനസ്സു വന്നില്ല’
എന്നെ നിർബന്ധിച്ച് ഫ്രാൻസിലേക്കു പറഞ്ഞയച്ചത് എന്റെ മാതാപിതാക്കളാണ്. ഇതിന് മുൻപ് താലിബാനെതിരെ ശക്തമായി എഴുതുകയും പ്രതികരിക്കുകയും ചെയ്ത എന്നെ താലിബാൻ സൈനികർ കൊലപ്പെടുത്തുമോ എന്ന് അവർ ഭയന്നു. ആക്ടിവിസ്റ്റും ഫൊട്ടോ ജേണലിസ്റ്റുമായ എന്റെ സുരക്ഷയിൽ അവർ ആശങ്കാകുലരായി. മറ്റ് പലരെയും പോലെ തെരുവിൽ കിടന്ന് മരിച്ചുപോകുമോയെന്ന ഭയം അവരെ അലട്ടി. 

‘സ്ഥിതിഗതികൾ ശാന്തമാവും വരെ ഇവിടെ നിന്ന് മാറിനിൽക്കണം. അതാണ് ഞങ്ങൾ  ആഗ്രഹിക്കുന്നത്’- മാതാപിതാക്കൾ നിറകണ്ണുകളോടെ പറഞ്ഞു. എനിക്കവരോട് മറുത്തുപറയാൻ തോന്നിയില്ല. എനിക്കെന്റെ നാടിനെ പിരിയുക ആലോചിക്കാൻ കഴിയില്ലെങ്കിലും അവരുടെ ആഗ്രഹത്തിന് ഞാൻ വഴങ്ങി. യാത്ര തിരിക്കും മുൻപ് മാതാപിതാക്കൾ പറഞ്ഞു. ‘നിനക്ക് ജനങ്ങളുടെ ശബ്‌ദമാവാനാണ് ആഗ്രഹം. ഞങ്ങൾക്ക് അതിൽ സന്തോഷമുണ്ട്. പക്ഷേ നിനക്ക്  നിലനിൽക്കാൻ പറ്റിയ സാഹചര്യമല്ല ഈ നാട്ടിൽ ഉള്ളത്. നീ ഇവിടേക്ക് തിരികെ വരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇതൊരു യാത്ര പറച്ചിൽ ആണെന്ന് കണക്കാക്കേണ്ട...’

അകലെ, ഒറ്റയ്ക്ക് ജീവിതം  
അത്രയേറെ മോശവും വിഷമം പിടിച്ചതുമായ സാഹചര്യത്തിലാണ് ഞാൻ ജോലി ചെയ്‌തത്‌. ആളുകൾ പോകാൻ മടിക്കുന്ന പ്രവിശ്യകളിൽ ഏതാണ്ട് പത്ത് വർഷക്കാലം ഞാൻ യാത്ര ചെയ്‌തു. പല ഫൊട്ടോഗ്രാഫർമാരും എന്നെ വിലക്കിയപ്പോഴും ഞാനതൊന്നും കാര്യമാക്കിയിരുന്നില്ല. പ്രശ്‌നമേഖലകളിൽ സഞ്ചരിക്കുന്നതിലെ വെല്ലുവിളികൾ എന്റെ കരിയറിന് വേണ്ടി ഞാൻ സഹിച്ചു. വിവിധ രാജ്യാന്തര ഏജൻസികൾക്കും ഭരണകൂടങ്ങൾക്കും എൻജികൾക്കും വേണ്ടി ജോലി ചെയ്‌തു.  ചില മനുഷ്യരുടെ കഥകൾ ഞാൻ വിശദമായി എഴുതി. അവർക്ക് വേണ്ടി ധനസമാഹരണം നടത്താനും ആ കുടുംബങ്ങൾക്ക് പണം ലഭിക്കാനും ആ വാർത്തകളും ചിത്രങ്ങളും സഹായകമായി. 

ഇന്ന് എനിക്കെന്റെ വ്യക്തിത്വം പോലും പണയം വയ്‌ക്കേണ്ടി വരുന്നു. എന്റെ നാടും വീട്ടുകാരും ഇല്ലാതെ ഒരു അഭയാർഥിയെപ്പോലെ തനിച്ചു കഴിയുമ്പോൾ മനസ്സ് നിറയെ വേദനയാണ്. അതാണ് എന്നെ ഏറെ തളർത്തുന്നത്. വീട്, കൂട്ടുകാർ, കുടുംബം... ഇവ വെടിഞ്ഞു ക്യാമറയും ലാപ്ടോപ്പും കയ്യിൽ സൂക്ഷിച്ച്, അകലെ ഒരു നാട്ടിൽ ഒറ്റയ്ക്ക് ജീവിക്കുന്ന എനിക്ക് നീണ്ട 10 വർഷം കൊണ്ട് വളർത്തിയെടുത്ത ജീവിതം, കരിയർ, സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ... ഇതെല്ലാമാണ് നഷ്ടമാവുന്നത്.    
അഫ്‌ഗാനിൽ താമസിച്ചപ്പോൾ യുദ്ധം ഇത്ര വലുതായിത്തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കാബൂളും ഹെറാത്തും മസാരും താലിബാന് പിടിച്ചെടുക്കാനാവില്ല എന്ന കണക്കുകൂട്ടൽ തെറ്റിയിട്ടും പ്രതീക്ഷ കൈവിട്ടില്ല. പ്രസിഡന്റിന്റെ പലായനമാണ് എല്ലാം മാറ്റിമറിച്ചത്. അങ്ങനെയൊന്ന് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതുമല്ല. നമ്മൾ ഈ യുദ്ധം ജയിക്കുമെന്ന് മനസ്സിനോട് പറഞ്ഞുകൊണ്ടിരുന്നു. അഫ്‌ഗാൻ പ്രസിഡന്റ് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് ഞാനും വിശ്വസിച്ചു. അദ്ദേഹം രാജ്യം വിട്ടതോടെ ഞങ്ങൾ തകർന്നുപോയി.
ആ രാത്രി സംഭവിച്ചത്... 

അഫ്‌ഗാനിൽ സ്ഥിതി ശാന്തമാണെന്ന പ്രസിഡന്റിന്റെ അഭിമുഖം കണ്ടുകൊണ്ടിരുന്നപ്പോൾ അടുത്ത ദിവസം ഞങ്ങളെ കാത്തിരുന്നത് വലിയൊരു ദുരന്തമാണെന്ന് പ്രതീക്ഷിച്ചതേയില്ല. പിറ്റേന്ന്, ഓഗസ്‌റ്റ് 15ന്, രാജ്യതലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചെടുത്തു. ഈ വാർത്ത  ഞാൻ ആദ്യം വിശ്വസിച്ചില്ല. എന്നാൽ ആ രാത്രി  താലിബാൻ സൈനികർ വീടിന് സമീപത്ത് റോന്ത് ചുറ്റാൻ എത്തിയതോടെ  ആ വാർത്ത തീർച്ചപ്പെടുത്തി. എനിക്ക് എല്ലാം നഷ്ടമാവുന്നുവെന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞു. 

താലിബാൻ അംഗങ്ങൾ സാധാരണ ജനങ്ങളെയും കൊന്നുതള്ളുന്ന വാർത്തകൾ പുറത്തുവന്നതോടെ ഞങ്ങളുടെ ഭാവി എന്താകും എന്നോർത്ത് എല്ലാവരും ആശങ്കാകുലരായി. അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ് ഫ്രഞ്ച് എംബസിയിൽനിന്ന് ഫോൺ വന്നത്. ഇതിനു മുൻപ് അവർക്ക് പല പ്രോജക്ടുകളും ചെയ്തുകൊടുത്തിരുന്നു. ആ പരിചയത്തിലാണ് അവർ വിളിച്ചത്. അഫ്‌ഗാൻ വിടുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്‌തു തരാമെന്ന് അവർ ഉറപ്പ് നൽകി.     
ആദ്യതവണ കാബൂൾ വിമാനത്താവളത്തിൽ 10 മണിക്കൂറോളം കാത്തുനിന്നിട്ടും എനിക്കോ ഫൊട്ടോഗ്രാഫർ സുഹൃത്തിനോ അവിടം വിടാൻ സാധിച്ചില്ല. അടുത്ത ദിവസം അമേരിക്കൻ സുഹൃത്തിന്റെ സഹായത്തോടെ എയർപോർട്ട് ക്യാംപിൽ കയറിപ്പറ്റാൻ സാധിച്ചു. പിന്നീട് രണ്ട് ദിവസം നീണ്ട ആകാംക്ഷയ്‌ക്കൊടുവിൽ ഫ്രാൻസിലേക്കുള്ള വിമാനത്തിൽ കയറാൻ സാധിച്ചു.
‘എനിക്ക് താലിബാനെ വിശ്വാസമില്ല’ 
അഫ്ഗാനിൽ ജനജീവിതം സാധാരണമാവുമോ? എനിക്കറിയില്ല... പക്ഷെ ആ ദിവസത്തിന് വേണ്ടിയാണ് എന്റെ കാത്തിരിപ്പ്. ഞങ്ങളുടെ രാജ്യത്ത് ജോലി ചെയ്യുന്ന ഏതാണ്ട് ഭൂരിഭാഗം വനിതകളും അവിടം വിട്ടുകഴിഞ്ഞു. സ്ത്രീകൾ തിരികെവരുന്നതും ജോലി ചെയ്യുന്നതും താലിബാൻ വെറുക്കുന്നു. കലാകാരന്മാരും കലാകാരികളും വേറെ ജോലികൾ തേടണമെന്നാണ് അവർ പറയുന്നത്. വനിതാ ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവർത്തകരെയും സംരക്ഷിക്കാമെന്നും അവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാമെന്നും പറയുന്നുണ്ടെങ്കിലും എനിക്കതിൽ  തീരെ വിശ്വാസമില്ല. 
‘നടക്കാനിടയില്ലാത്ത ആ ചിത്രപ്രദർശനം’  
ഒരുപാട് വേദനകളിലൂടെ കടന്നുപോയ മനുഷ്യരാണ് അഫ്‌ഗാനിൽ ഉള്ളത്. അവരുടെ മുഖത്തിലൂടെ അവരുടെ വേദന കലർന്ന അനുഭവങ്ങൾ ഏൽപിച്ച ആഴത്തിലുള്ള വികാരങ്ങൾ പകർത്താനാണ്  ഞാൻ ഫൊട്ടോഗ്രാഫർ എന്ന നിലയിൽ ശ്രമിച്ചിട്ടുള്ളത്. ഒരു പക്ഷേ, അവരുടെ കഥകൾ ലോകത്തോടു വിളിച്ചുപറയാൻ എന്റെ ചിത്രങ്ങൾക്ക് കഴിഞ്ഞേനെ. ഇതുവരെ എടുത്ത മികച്ച ചിത്രങ്ങൾ ഉൾക്കൊള്ളിച്ച  ഒരു ചിത്രപ്രദർശനം നടത്താൻ പദ്ധതി ഉണ്ടായിരുന്നു. പക്ഷെ ഇനി അതൊന്നും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. 

കഴിഞ്ഞ വർഷം യുഎൻ ഹൈകമ്മിഷണർ ഫോർ റെഫ്യൂജീസിനു വേണ്ടി പാക്കിസ്ഥാനിൽനിന്നും ഇറാനിൽനിന്നും തിരിച്ചുവന്ന അഫ്‌ഗാൻ അഭയാർഥികളെപ്പറ്റി ഞാൻ ഡോക്യുമെന്ററികൾ തയാറാക്കിയിരുന്നു. അതെന്റെ പ്രിയപ്പെട്ട ഉദ്യമമാവാൻ മറ്റൊരു കാരണം ഞാനും ഒരു അഭയാർഥി ആണെന്നതാണ്. അവരുടെ വേദനകൾ എന്താണെന്നും അതെങ്ങനെ ലോകത്തോട് വിളിച്ചുപറയാമെന്നും ഇപ്പോൾ എനിക്കറിയാം. ഒരു മികച്ച ഫോട്ടോ ശേഖരം ഒരുക്കാനും അവരുടെ പക്ഷത്തുനിന്നുകൊണ്ട് സംഭവങ്ങൾ വിളിച്ചുപറയാനാകുന്ന ഡോക്യുമെന്ററി ചെയ്യാനും സാധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. യുദ്ധമെല്ലാം അവസാനിച്ച് ഒരു നാൾ അഫ്ഗാനികൾ മടങ്ങിയെത്തുമ്പോൾ അവർക്കത് കാണാനാവുമെന്ന് പ്രതീക്ഷ പുലർത്തിയിരുന്നു. പക്ഷേ ഇപ്പോൾ ഞാനുമൊരു അഭയാർഥിയാണ്. അവരുടേതിന് സമാന സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നുപോവുന്നത്. 
2003ലാണ് ഞങ്ങളുടെ കുടുംബം അഫ്‌ഗാനിൽ തിരികെയെത്തിയത്. രാജ്യത്ത് ജനാധിപത്യ ഭരണകൂടമാണ് അന്ന് നിലനിന്നത്. എന്നെയും കുടുംബത്തെയും സ്നേഹിക്കുന്ന ആളുകളിലേക്കുള്ള മടങ്ങിവരവ് സമ്മാനിച്ച ആനന്ദം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. അവിടം ഉപേക്ഷിക്കാൻ എനിക്ക് എങ്ങനെ സാധിക്കും? ഭാവിയിൽ എന്താണ് നടക്കുക എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഞാൻ പ്രതീക്ഷ കൈവിടാതെ പിടിച്ചുനിൽക്കുകയാണ്. മറ്റൊരു മാർഗവും എന്റെ മുൻപിൽ ഇല്ല എന്നതാണു കാരണം. എങ്കിലും  അഫ്‌ഗാനിലെ  പ്രശ്‌നങ്ങളിൽ ഇടപെടാതെ ഒഴിഞ്ഞുമാറാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. താലിബാൻ ഭരണം ദൂരെനിന്ന് നിരീക്ഷിക്കുന്നവരിൽ ഞാനും ഉൾപ്പെടുന്നു. ആശയങ്ങളിലൂടെയാണ് എന്റെ യുദ്ധം. സ്വന്തം ശബ്‌ദം പണയപ്പെടുത്താൻ ഞാൻ ഒരുക്കമല്ല. അഫ്ഗാൻ ജനതയ്ക്കു വേണ്ടി എന്നും നിലകൊള്ളും. അത് തീർച്ച–റോയ പറഞ്ഞു നിർത്തി. 
   



LEAVE A REPLY

Security code:

COMMENTS

Be the first to comment