visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

Article

Home / Space/ Article
M Narayanan Namboodiripad REC ISRO Associate Director

അരമാർക്കിന്റെ തോൽവിയിൽ നിന്ന് ബഹിരാകാശത്തോളം

By - ശ്രീ എം നാരായണൻ നമ്പൂതിരിപ്പാട് / വിജയൻ കുറിയേടത്ത് / സിജു കുറിയേടം ശ്രീകുമാർ -- Sunday, October 03, 2021 , 03:29 PM

     ജീവിതവിജയം നേടിയ ഏതൊരു വ്യക്തിയുമായും തന്നെ കണ്ണിച്ചേർക്കുന്ന ഒരു പൊതു വിഷയം കണ്ടെത്തി അവരുടെ വിജയത്തിൽ അഭിമാനം കൊള്ളുവാനും അല്പം അഹങ്കരിക്കാനും സാധിക്കുമെങ്കിൽ അതിന്റെ ഒരു അവകാശ പങ്കുപറ്റാനും ഉള്ള വാസന മനുഷ്യസഹജമാണ്.ആ പൊതുഘടകം ദേശപരമോ ഭാഷാപരമോ ജാതീയമോ കുടുംബ പരമോ പ്രദേശപരമോ സൗഹൃദമോ ഏതെങ്കിലും കാലഘട്ടത്തിൽ ഉണ്ടായ സഹവർത്തിത്വമോ മറ്റേതെങ്കിലും കാര്യമോ ഒക്കെ ആകാം. ആ നിലക്ക് മലയാളികൾക്ക് അഭിമാനമായി പറയാവുന്ന ഒരു ശാസ്ത്രഞ്ജനാണ് മഞ്ചേരി കരിക്കാട് മാങ്ങാട്ടശ്ശേരി മനയിൽ നിന്നും ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് പറന്നുയർന്ന നാരായണൻ നമ്പൂതിരിപ്പാട്.
  
     മഞ്ചേരിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും ജീവിതവിജയത്തിന് ആവശ്യമായത് നേടിയെടുക്കാൻ കഠിനപ്രയത്നം ചെയ്ത് ഇന്ത്യൻ റോക്കറ്റ് സയൻസ് ഗവേഷണത്തിൽ നിർണായക പങ്ക് വഹിച്ചു കൊണ്ട് അഭിമാനാർഹമായ വിജയങ്ങൾ സ്വാംശീകരിച്ച അദ്ദേഹം മലയാളികൾക്കിടയിൽ വേണ്ടത്ര പരിചിതനായിട്ടില്ല എന്ന് തോന്നുന്നു. കിതപ്പും കുതിപ്പും കൊണ്ട് സഫലമായ ആ ജീവിതത്തെ നമുക്കൊന്ന് പരിചയപ്പെടാം.

ഷൺമുഖ വിലാസം മുതൽ VSSC വരെ

ശ്രീ എം. നാരായണൻ നമ്പൂതിരിപ്പാടിൻറെ  ജീവിതയാത്ര തുടങ്ങിയത് നാട്ടിൻ പുറത്തുള്ള ഒരു സാധാരണ പ്രൈമറി വിദ്യാലയത്തിൽ നിന്നും ആണ്.
കരിക്കാട് ഷണ്മുഖവിലാസം LPസ്കൂളിലും തുടർന്ന് തൃക്കലങ്ങോട് മാനവേദൻ UP സ്കൂളിലും മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

        അസാധാരണത്വങ്ങളോ പ്രതിഭാ സ്പർശം വെളിവാക്കുന്ന അത്ഭുതപ്രകടനങ്ങളോ ഇല്ലാത്ത തികച്ചും സാധാരണമായ ഒരു വിദ്യാർത്ഥി ജീവിതഘട്ടം.പരീക്ഷകളിൽ ശരാശരി പ്രകടനങ്ങൾ.പ്രത്യേകതകൾ ഒന്നും പറയാനില്ലാതെ ഒഴുകിയിരുന്ന ആ നദിയിലെ ഒഴുക്കിൻറെ താളം തെറ്റിച്ചത് ഗവൺമെന്റ് ഹൈസ്കൂളിലെ ആദ്യ കണക്ക് പരീക്ഷ യിലെ അപ്രതീക്ഷിതമായ തോൽവി ആണ്.പിന്നീട് ഹൈസ്കൂൾ ഉന്നത വിജയത്തിനും മഞ്ചേരി NSS കോളേജിലെ പ്രീഡിഗ്രി പഠനമികവിനും അടിസ്ഥാനമായ ആ സംഭവം പ്രത്യേക പരാമർശം അർഹിക്കുന്നു.ഉന്നത വിദ്യാഭ്യാസത്തിൽ 
കോഴിക്കോട് REC(ഇപ്പോൾ NIT)യിൽ നിന്നു Btechഉം പിന്നീട് VSSCയിൽ ചേർന്ന ശേഷം ISRO സ്പോൺസേഡ് കാൻന്റിഡേറ്റായി 
ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും എഞ്ചിനീയറിംഗ് പോസ്റ്റ് ഗ്രാജുവേഷനും നേടി VSSC യിലെ അഭിമാന പദവികളിലേയ്ക്കുള്ള  അദ്ദേഹത്തിന്റെ വിജയപ്രയാണത്തിൻറെ തുടക്കം  ഒരു അരമാർക്ക് തോൽവി ആയിരുന്നു എന്നത് കൗതുകകരമാണ്. ആ കഥ ഇങ്ങനെ......

അരമാർക്കിൽ ചവിട്ടി അനന്തവിഹായസ്സിലേക്ക്.

    ഭൂലോകത്തിന്റെ  മാത്രം അല്ല, പ്രപഞ്ചത്തിന്റെ സ്പന്ദനവും കണക്കിലാണ് എന്ന് തിരിച്ചറിയാൻ അടിസ്ഥാനമായത് എട്ടാം ക്ലാസിലെ ഒരു അനുഭവം ആണ്.തോൽവി വിജയത്തിലേക്കുള്ള പ്രയാണപാതയിലെ ആദ്യ ചുവടാണെന്ന പഴമൊഴി സത്യമായി ഭവിച്ച സംഭവം .

  എട്ടാം ക്ലാസ്സിലെ ഓണപ്പരീക്ഷക്ക് ശേഷം മഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ നങ്ങേലി ടീച്ചർ കണക്ക് പരീക്ഷ യുടെ ഉത്തരക്കടലാസ് വിതരണം ചെയ്യുകയായിരുന്നു."നമ്പൂരി തോറ്റു.ജയിക്കാൻ പതിനേഴര വേണം" .... പതിനേഴ് മാർക്കിന്റെ ഉത്തരക്കടലാസ് ഏറ്റുവാങ്ങുമ്പോൾ ടീച്ചറുടെ വാക്കുകൾ ചെവിയിൽ അല്ല, ഹൃദയത്തിലാണ് പതിച്ചത്....

   ആദ്യപരാജയത്തിൻറെ കയ്പാണ്  ജീവിതവിജയത്തിലെ മധുരമായത് എന്നത് ആ ജീവിതം നോക്കി ക്കാണുന്ന ആർക്കും ഒരു പ്രചോദനം ആവും.പിച്ച വെക്കുന്ന കാലം മുതൽ , പഠനകാലത്തും പാഠ്യേതര രംഗങ്ങളിലും എന്തിന് റോക്കറ്റ് വിക്ഷേപണം പോലുള്ള ഉന്നത സാങ്കേതിക രംഗങ്ങളിലും വീഴ്ചകൾ തളർത്താതിരുന്നാലേ ഒരാൾക്ക് വിജയിക്കാൻ കഴിയൂ എന്ന വലിയ പാഠം.

കണക്ക് ഒരു വഴങ്ങാശാസ്ത്രം ആണ് എന്ന് കരുതുന്ന ഒരു വലിയ വിദ്യാർത്ഥി  സഞ്ചയത്തിന് ഉൾക്കാഴ്ച ആവുന്ന  രീതിയിൽ ആണ് അര മാർക്കിൽ തട്ടിയുള്ള ആ വീഴ്ച പിന്നീട് ആ ജീവിതത്തിൽ മാറ്റം വരുത്തിയത്.

സ്കൂൾ മുറ്റത്തെ മാവിൻ ചുവട്ടിൽ ഇരുന്ന് ആരും കാണാതെ കണ്ണീരൊഴുക്കി കുറച്ചു നേരം ഇരുന്നപ്പോൾ മുന്നിൽ മാവിൻ നിഴലിനേക്കാൾ വലിയ രൂപങ്ങളായി ഭിന്നസംഖ്യകളും ല. സാ. ഗുവും,  ഉ. സാ. ഘ യുമെല്ലാം തെളിഞ്ഞു വന്നു.അക്കങ്ങളുടെ ലോകത്തെ അമ്പരപ്പിനു മുന്നിൽ കീഴടങ്ങില്ല എന്ന ദൃഢനിശ്ചയത്തിൽ വീട്ടിലേക്കുള്ള പ്രയാണത്തിന് കാൽ വച്ചത് യഥാർത്ഥത്തിൽ ബഹിരാകാശത്തെ പ്രപഞ്ചവിസ്മയ പാതയിലേക്ക് ആയിരുന്നു എന്ന് അന്ന് തിരിച്ചറിഞ്ഞില്ല.
          അടിസ്ഥാനമാണ് എന്തിൻറേയും ആധാരം എന്ന തിരിച്ചറിവിൽ പഠനരീതിയിൽ മാറ്റം വരുത്തി.മനസ്സിലാക്കി പഠിച്ചാൽ ഗണിതമൊരു രസഗുളികയാണ് . അഞ്ച്,ആറ്, ഏഴ് ക്ളാസുകളിലെ പുസ്തകം പൊടിതട്ടിയെടുത്ത് അടിസ്ഥാനം ഉറപ്പിക്കുവാൻ ഗുരുവായത് തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂളിലെ ലീല ടീച്ചർ എന്ന സ്വന്തം അമ്മയാണ്.അടുക്കള ഒരു ഗുരുകുലം കൂടി ആയ ആ നാളുകളിൽ ഗണിതവുമായി ഒരു നിതാന്ത സൗഹൃദം രൂപപ്പെടുകയായിരുന്നു.പത്താം ക്ളാസിൽ 73 % മാർക്കോടെ സ്കൂൾ ഫസ്റ്റും കലാലയ പരീക്ഷകളിൽ സ്ഥിരമായി  കണക്കിൽ നൂറിൽ നൂറും നേടാനായ വളർച്ചയെ നട്ടു  നനച്ച അരമാർക്കിൻറെ കണ്ണീർ ഇന്നോരു മധുരസ്മൃതിയാണ്

റോക്കറ്റ് സയൻസ് 

     37 വർഷം മുൻപ് 1984 ലിൽ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ Control and Guidance Division നിൽ  ഒരു Design Engineer ആയി ചേർന്നു കൊണ്ടായിരുന്നു ഔദ്യോഗിക ജീവിതത്തിൻറെ തുടക്കം . പിന്നീട് 
ISRO വിന്റെ എല്ലാ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളുടെയും Control systems Design ൽ സമഗ്ര സംഭാവനകൾ നൽകി കൊണ്ടുള്ള നിരവധി വർഷങ്ങളുടെ കർമ്മ സപര്യ. വിവിധ സെക്ഷനുകളുടേയും ഡിവിഷനുകളുടേയും ഗ്രൂപ്പുകളുടേയും മേധാവി എന്ന നിലയിൽ വിജയകരമായി പൂർത്തിയാക്കിയ 37 വർഷങ്ങൾ ഏതൊരു വ്യക്തിക്കും അഭിമാനസ്പർശമാണ്. 

2018ൽ VSSC യുടെ Deputy Director ആയി ISRO Launch Vehicle Avionics Systems ന്റെ ചുമതല ലഭിച്ചു.തുടർന്ന് 2021ൽ VSSC/ISRO യുടെ Associate Director(Project) ആയി നിയമിതനായത് വരെ എത്തി നിൽക്കുന്നു ഉജ്ജ്വലമായ ആ കർമ്മവീഥി.

പുരസ്കാരങ്ങൾ

വിവിധ ഘട്ടങ്ങളിൽ നിസ്തുലമായ കർമ്മാർപ്പണത്തിന് ഏതാനും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി യിട്ടുണ്ട്.തികച്ചും അർഹതപ്പെട്ട അംഗീകാരങ്ങൾ 

ISRO team award 2014 in the development of GSLV-MK III Experimental mission, 
ISRO Merit award 2016 for the contributions in control electronics systems development,
Dr.Biren Roy space  science and Design award from Aeronautical Society of India 2017 മുതലായ വയാണ് അദ്ദേഹത്തെ തേടിയെത്തിയ ബഹുമതികളിൽ പ്രധാനമായത്.

ഇതര മേഖലകൾ

റോക്കറ്റ് സയൻസും എഞ്ചിനീയറിംഗും സർഗ സാഹിത്യവും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലെ ആണെന്ന് കരുതിയാൽ നമുക്ക് തെറ്റും. വിശ്രമ വേളകളിൽ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അദ്ദേഹം സമയം കണ്ടെത്തുന്നു.

അനിയൻ മാങ്ങോട്ട് രി എന്ന തൂലികാ നാമത്തിൽ രണ്ട് ചെറുകഥാ സമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാരമ്പര്യ സമ്പ്രദായത്തിൽ ഉള്ള വൃത്തനിബദ്ധമായ ശ്ലോകങ്ങളും കവിതകളും രചിക്കുന്ന അദ്ദേഹത്തിന്റെ 
 മുക്തകങ്ങൾ "മുക്തകമാല'' യിൽ (ഒരു കലാസാഹിത്യരംഗം എഴുത്തുപുര പ്രസിദ്ധീകരണം) പ്രസിദ്ധീകരിക്കാറുണ്ട്.സൗപർണ്ണിക എന്ന ഓൺലൈൻ സാഹിത്യക്കൂട്ടായ്മയുടെ കാവ്യാ രാമം,കവിസദസ്സ്,ശ്ലോകസൗപർണ്ണികഎന്നിവകളിലും  സജീവമാണ് അദ്ദേഹത്തിന്റെ ഒഴിവു സമയങ്ങൾ.

കുടുംബം 

      1962 ലെ ചിങ്ങമാസത്തിലെ ഉത്രാടം നക്ഷത്രത്തിൽ ജനിച്ച അദ്ദേഹം ഇപ്പോൾ ഷഷ്ട്യബ്ദ പൂർത്തിയിലേക്കുള്ള യാത്രയിൽ ആണ്. പഴയകാല നമ്പൂതിരി സമുദായത്തിലെ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ പരേതനായ ശാസ്ത്രശർമൻ,കരിക്കാടിന്റേയും സ്കൂൾ അദ്ധ്യാപികയായിരുന്ന പരേതയായ ലീല അന്തർജനത്തിൻറേയും മകൻ. രണ്ട് സഹോദരങ്ങൾ ആയിരുന്നു അദ്ദേഹത്തിന്. സഹോദരി പുലാച്ചേരി മന സാവിത്രി ഇപ്പോൾ ജീവിച്ചിരിപ്പില്ല.  സഹോദരൻ ദേവൻ നമ്പുതിരിപ്പാട് അഭിഭാഷകൻ ആണ് (Retd. Kerala State Housing board).
                    പത്നി മായയുമൊത്ത് ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന ഇദ്ദേഹത്തിന് രണ്ടു കുട്ടികൾ ആണുള്ളത്. മകൻ വിഷ്ണുവും (Electronics Engineer,Wipro,At present doing MS at Hamburg Technical University,Germany) മകൾ വീണയും ,(Doing Vetenary Science at Mannuthi, Trissur)

                          മഞ്ചേരി യിലെ ചെറിയ നാട്ടിൻ പുറത്ത് നിന്നും ബഹിരാകാശ ഗവേഷണക്കാഴ്ചകളിലേക്ക് പറന്നുയർന്ന, സാഹിതീ വിഹായസ്സിലും പറന്നു നടക്കുന്ന അനിയൻ മാങ്ങാട്ട് രി എന്ന നാരായണൻ നമ്പൂതിരിപ്പാടിന് കർമ്മ ചക്രവാളത്തിൽ ഇനിയുമേറെ അരുണോദയങ്ങൾ ആശംസിക്കുന്നു.വരും തലമുറയ്ക്ക് ജീവിതവിജയത്തിന് ഉള്ള കർമ്മസൂര്യനായി ഇനിയും പ്രയാണം തുടരട്ടെ എന്ന് പറഞ്ഞു കൊണ്ട് നിര്ത്തുന്നു

 



LEAVE A REPLY

Security code:

COMMENTS

Be the first to comment