visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

Thought Of The Day

Home / Articles/ Thought Of The Day
Newton's gravitational law and Coulomb's law for electrostatics

സത്യവാങ്മൂലം

By - Vijayan Kuriyedath -- Friday, September 24, 2021 , 02:15 PM

സത്യം സത്യമായി നീതിന്യായ വ്യവസ്ഥയെ ബോധിപ്പിക്കുന്നതിനുള്ള ഉപാധിയാണ് സത്യവാങ്മൂലം...ആ പദത്തിലെ മൂലം എന്ന പരാമർശത്തിന് തണലേകാൻ കിളിർക്കുന്ന ആൽമരത്തറയുമായി യാതൊരു ബന്ധവുമില്ല....


ഒരു സംഭവം ലോകം മുഴുവൻ തത്സമയം കണ്ടു എന്നത് കൊണ്ട് അത് സത്യമാണ് എന്ന് പറയാൻ വയ്യ.. ബ്രഹ്മസത്യം ജഗത് മിഥ്യ എന്ന പ്രമാണ പ്രകാരം സത്യാന്വേഷി ആയാൽ മാത്രമേ വസ്തുതകൾ വെളിപ്പെടൂ.... അതിനുള്ള ഒരു എളിയ പരിശ്രമം...


നിയമസഭാ കലാപരിപാടികൾ തന്നെ വിഷയം.കയ്യാങ്കളി എന്ന പദം ദുരുപദിഷ്ടം ആണ്... അതിനാൽ സംഭവത്തിലെ സർഗാത്മകതയുടെ അന്തർലീനത സൂചിപ്പിക്കുന്നതിന് കലാപരിപാടികൾ എന്ന പദം തന്നെ ആവും ഉചിതം


അഴിമതി ഒന്നും ചെയ്യാത്ത ഒരാൾ എതിർപാളയത്തിലിരുന്ന് പ്രകോപനപരമായ വികസനമാർഗരേഖ സഭയിൽ അവതരിപ്പിക്കുന്ന കലാപരിപാടി ആയിരുന്നു നോട്ടീസിൽ....സ്വപ്നങ്ങളും വാഗ്ദാനങ്ങളും പങ്ക് വെയ്ക്കുക എന്ന പതിവ് പരിപാടി ആവർത്തന വിരസമായ നിലക്ക് പരിപാടികളിൽ ഉചിതമായ മാറ്റം വരുത്താൻ കമ്മറ്റിക്ക് അധികാരമുണ്ട് എന്ന ന്യായപ്രകാരം അന്നത്തെ പരിപാടിയിൽ ചില രസക്കാഴ്ചകൾ ഉൾപ്പെടുത്തി എന്നത് മാത്രമാണ് സംഭവിച്ചത്


പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാരെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ പ്പോൾ ആകെ ആറ് പേരെ മാത്രമേ പരിഗണിച്ചുള്ളൂ എന്നത് വിഭാഗീയതയുടെ പ്രശ്നം അല്ല.ഭരണപക്ഷത്തിൻറെ അക്കസാക്ഷരതാ കുറവ് മാത്രം ആയി കണ്ടാൽ മതി.അല്ലെങ്കിലും നോട്ട് എണ്ണുന്ന യന്ത്രം കൊണ്ടൊന്നും അല്ലല്ലോ മനുഷ്യരെ എണ്ണുന്നത്.കൃത്യതക്കുറവ് സ്വാഭാവികം....


പരിപാടി അവതരണം തുടങ്ങിയപ്പോഴേക്കും ഭരണപക്ഷവും സെക്യൂരിറ്റി ക്കാരും (അവർക്ക് തിന്ന ചോറിന് കൂറ് കാട്ടാതെ വയ്യല്ലോ) തടസം നിന്നപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഉദാത്തമായ ആശയത്തോട് ചേർന്ന് നിന്നതിനെ ആണ് ഒരു കുറ്റം ആയി വ്യാഖ്യാനിക്കുന്നത്.കലികാലം എന്നതല്ലാതെ എന്ത് പറയാൻ.....

പൊതുമുതൽ നശിപ്പിച്ചു എന്നാണ് മറ്റൊരു ദുരാരോപണം.വാദിയായ ഞാൻ പ്രതിയായ എന്നിൽ(ഇതാണ് യഥാർത്ഥ അദ്വൈത ദർശനം...ശാങ്കര ഭാഷ്യം ഒക്കെ എന്ത്) ചാർത്തിയ ഈ ദുരാരോപണം നിഷേധിക്കാതെ വയ്യ. നിയമസഭയിൽ പഴയതും കേടായതും ആയ  സാധനങ്ങൾ മാറ്റി വാങ്ങാനുള്ള വൃത്തിയാക്കൽ ആയിരുന്നു എന്ന് അറിയാതെ പൊതുമുതൽ നശിപ്പിച്ചു എന്ന ദുരാരോപണം നിലനിൽക്കുമോ? വർഷങ്ങൾക്കു മുൻപ് ചോർച്ച നോക്കാൻ മേസ്തിരിമാർ പഴയ ഒരു കെട്ടിടത്തിന്റെ മുകളിൽ കയറിയപ്പോൾ ഭാരം താങ്ങാൻ കഴിയാത്ത ആ കെട്ടിടം അയോദ്ധ്യയിൽ തകർന്നു വീണതിലും ദുഷ്പ്രചരണങ്ങൾ ഉണ്ടായത് ഇത്തരുണത്തിൽ സൂചിപ്പിക്കട്ടെ...

തത്സമയ സംപ്രേഷണം പോലും എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിച്ച സാങ്കേതിക വിസ്മയം ശിവതാണ്ഡവത്തിൻറെ ഗ്രൗണ്ട് ആംഗിൾ കാമറാ വിഷ്വലുകൾ കൂടി പുറത്ത് വിട്ടിരുന്നു എങ്കിൽ എന്തൊക്കെ കാണേണ്ടി വന്നേനെ.. ദൈവം എന്ന സങ്കല്പം വെറുതെ മുകളിൽ ഇരിക്കുകയായിരുന്നില്ല എന്ന് ഏത് അവിശ്വാസിക്കും ബോദ്ധ്യമായ ഇടപെടൽ ആയിരുന്നു അത് എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയം ഇല്ല


നഷ്ടം എന്നത് കേവലം ലാഭമില്ലാത്ത അവസ്ഥ അല്ല.... അത് കൊണ്ട് തന്നെ സദുദ്ദേശപരമായ ഇടപെടൽ വിമർശന വിധേയമാക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും


ചുറ്റിലും നടക്കുന്ന കാഴ്ചകൾ കാണാൻ സ്വസ്ഥാനം വിട്ടുയർന്ന് ചാടിയ മോണിറ്ററുകളും സ്പീക്കറുടെ കസേരയുമെല്ലാം ഗുരുത്വാകർഷണം അതിജീവിക്കാൻ ആവാതെ താഴെ വീഴുന്നതിന് ജനപ്രതിനിധികൾ എന്ത് പിഴച്ചു.. സ്പീക്കർ ശക്തനായത് കൊണ്ട് ഇരുപ്പിടം വിടുമ്പോൾ ഇരിപ്പിടത്തിന് ശക്തിക്ഷയവും വരാമല്ലോ.....


ആകെ മൊത്തത്തിൽ  പതിവു പരിപാടികളുടെ ആവർത്തന വൈരസ്യം ഒഴിവാക്കാൻ കാര്യമായ റിഹേഴ്സൽ പോലും നടത്താതെ ആണെങ്കിലും തങ്ങളാലാവും വിധം പരിശ്രമിച്ച ആസ്ഥാന കലാകാരന്മാരെ അവരുടെ നിലവാരത്തിന്നനുസരിച്ചുള്ള ആദരം നൽകി വെറുതെ വിടണമെന്ന് താഴ്മയായി ആഞ്ജാപിക്കുന്നു...

മേൽപ്പറഞ്ഞ കാര്യങ്ങളും വിശദാംശങ്ങളും എൻറെ അറിവുകേടിൻറെ പരിധിയിൽ പൂർണ്ണ സത്യങ്ങളാണെന്ന് ബോധിപ്പിച്ചു കൊള്ളുന്നു..

എന്ന് 
ശ്രീ (ഒപ്പ്)


വിജയൻ കുറിയേടത്ത്



LEAVE A REPLY

Security code:

COMMENTS

Be the first to comment