visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Article

Home / Health/ Article
shawarma , Ideal Food point
shawarma , Ideal Food pointPhoto Credit : Siju Kuriyedam Sreekumar

വിശക്കുമ്പോൾ വയറുനിറക്കാൻ കയറുന്നവന് വിഷം വിളമ്പുമ്പോൾ നോക്കുകുത്തികളായി ഭക്ഷ്യസുരക്ഷാ വകുപ്പ്

By - Siju Kuriyedam Sreekumar -- Tuesday, May 03, 2022 , 11:56 AM
നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നതും , ഭക്ഷണ ശാലകൾ നടത്തുന്നതുമായ നിരവധി പേര് നമ്മുടെ ഇടയിൽ ഉണ്ട് . അവരെ ബുദ്ധിമുട്ടിക്കുക എന്നത് മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്ന പ്രഹസന വകുപ്പിന്റെ പണി .  മുഖം രക്ഷിക്കാൻ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ഭക്ഷ്യവകുപ്പ് . കട്ടവനെ പിടിക്കാൻ പറ്റില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന നയമാണ് പതിവ് .  യഥാർത്ഥ കുറ്റം ചെയ്തവരെ സംരക്ഷിക്കാനും  പുറത്തിറക്കാനും അവർക്കു വേണ്ടി പറയാനും ആളുകൾ ഉണ്ടാകും .എന്നാൽ  സ്വന്തം വയറു നിറക്കാൻ നല്ല രീതിയിൽ  മറ്റുള്ളവർക്ക് വയറുനിറയെ  ഭക്ഷണം കൊടുക്കുന്ന അനേകായിരം പാവങ്ങൾ ഉണ്ട് . ഇതിന്റെ പേരിൽ അവരെ ആകും കഷ്ടത്തിലാക്കുക . മായം ചേർത്തവനോ ചേർക്കാൻ  പ്രേരിപ്പിച്ചവനോ ഒരു കുഴപ്പവും ഉണ്ടാവില്ല . സത്യസന്ധമായി ഭക്ഷണം വച്ച് വിളമ്പുന്ന അതിൽ നിന്ന് ഒരു പങ്കു  കഴിച്ചു   ജീവിക്കുന്ന പാവങ്ങളുടെ വയറ്റത്തടിക്കാനേ  ഇത്തരം വകുപ്പുകളും ഉദ്യോഗസ്ഥരും എപ്പോളും ശ്രമിക്കാറുള്ളു .  

 കഴിഞ്ഞ ദിവസം  വിശപ്പടക്കാൻ കയറിയ ഹോട്ടലിൽ വിളമ്പിയത് വിഷമാണെന്ന് അറിയാതെയാണ് അവർ കഴിച്ചത്. പണം കൊടുത്ത് വിഷം വാങ്ങി കഴിക്കേണ്ട അവസ്ഥയിൽ കേരളീയർ എത്തിയപ്പോൾ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നോക്കുകുത്തികളാവുകയാണ്. ചെറുതും വലുതുമായ ഹോട്ടലുകളെ തോന്നുംപടി പ്രവർത്തിക്കാൻ അനുവദിച്ചതിന്റെ ദുരന്തമാണ് കഴിഞ്ഞദിവസം കാസർഗോഡ് ചെറുവത്തൂരിൽ 16കാരി ദേവനന്ദയുടെ മരണത്തിന് കാരണമായത്. കേരളത്തിൽ ഹോട്ടുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത് കണ്ട കാലം മറന്നു. എവിടെയെങ്കിലും ആരെങ്കിലും മരിച്ചാലോ കൂട്ടത്തോടെ ആശുപത്രിയിലായാലോ കുറച്ചു നാൾ പരിശോധനയുടെ ബഹളമാണ്. അത് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു.

നോക്കുകുത്തികളായി ഭക്ഷ്യസുരക്ഷാ വകുപ്പ്

 സഞ്ചരിക്കുന്ന പരിശോധനാ ലബോറിട്ടറികൾക്കും മറ്റു സംവിധാനങ്ങൾക്കുമായി പ്രതിവർഷം കോടികളാണ് വകുപ്പിനായി ചെലവഴിക്കുന്നത് എന്നാൽ അതൊന്നും ഫലം കാണുന്നില്ല. എല്ലാ ജില്ലകളിലും മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണെന്ന് അഭിമാനിക്കുമ്പോഴും ജനത്തിന് ഉപകാരപ്പെടുന്നില്ലെന്നതാണ് വസ്തുത. അടുത്തിടെ ഇടുക്കിയിൽ ചീഞ്ഞ മത്സ്യം കഴിച്ച് നിരവധി പേർ ആശുപത്രിയിലായതിന് പിന്നാലെ നല്ല ഭക്ഷണം നാടിന്റെ അവകാശമെന്ന പേരിൽ ക്യാമ്പൈൻ നടത്തുന്നതിനിടെയാണ് ദേവനന്ദയുടെമരണം. പിന്നാലെ ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയും എത്തി. റോഡരികിലെ മണ്ണും പൊടിയും ഉൾപ്പെടെ സകലമാലിന്യങ്ങളും അടിഞ്ഞുകൂടുന്ന ഷവർമ്മ കോർണറുകളെ ഇത്രയും നാൾ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പും കാണാതെ പോയത് അത്ഭുതകരമാണ്.

ലാബുകള്‍ കുറവായതിനാല്‍ ഭക്ഷ്യസാധനങ്ങളില്‍ മായം കണ്ടെത്തിയാലുള്ള തുടര്‍ നടപടികളെ ബാധിക്കുന്നതായും റീജിയണല്‍ ലാബുകളില്‍ നിന്നുള്ള വിവരാവകാശ മറുപടിയില്‍ പറയുന്നു. പരിശോധനകള്‍ തന്നെ വളരെക്കുറച്ച് നടക്കുമ്പോഴും മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയാലും കേരളത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ പിടിച്ചാല്‍ തന്നെ കുറ്റവാളികളെ ശിക്ഷിക്കുന്നത് വിരലിലെണ്ണാവുന്ന കേസുകളില്‍ മാത്രമാണെന്ന് രേഖകളിലുള്ളത്. കുറ്റം കണ്ടെത്തിയാല്‍ തന്നെ പലരും തുച്ഛമായ പിഴയടച്ച് രക്ഷപ്പെടുന്നു. മായം ചേര്‍ന്നെന്ന് കണ്ടെത്തി അത് റഫറല്‍ ലാബിലേക്ക് അയച്ചാല്‍ മായമില്ലെന്ന് കണ്ടെത്തുന്ന കേസുകളും നിരവധി. അതിനിടയിലാണ് പരിശോധനകളെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് പരിശോധനാ ലാബുകളുടെ കുറവുണ്ടെന്ന വിവരാവകാശ മറുപടി. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും റീജിയണല്‍ ഗവണ്‍മെന്‍റ് ലബോറട്ടറികളില്‍ നിന്നാണ് ലാബുകളുടെ കുറവ് തുടര്‍ നടപടികളെ ബാധിക്കുന്നുണ്ടെന്ന മറുപടി ഞങ്ങള്‍ക്ക് കിട്ടിയത്.

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് പലപ്പോഴായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ ഇടയ്ക്കിടെ ചികില്‍സ തേടുന്നു. മതിയായ പരിശോധന നടത്താനോ മായം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനോ നമ്മുടെ ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിയാത്തതതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

ഷവർമയ്ക്ക് പയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാത്തതും പച്ചമുട്ടയിൽ ഉണ്ടാക്കുന്ന മയോണൈസ് സമയം കഴിയുംതോറും ബാക്ടീരിയയുടെ അളവ് കൂടുന്നതിനാൽ അപകടകരമാകുന്നതുമാണ് വിഷബാധയ്ക്കും മരണത്തിനും കാരണമാകുന്നത്. എന്നാൽ ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ യാതൊരു പരിശോധനയും നാട്ടിലില്ല. പരിശോധനയ്ക്ക് ആവശ്യമായ ജീവനക്കാരെ വകുപ്പ് യഥാസമയം നിയമിക്കാത്തതാണ് മറ്റൊരു വസ്തുത. ആവശ്യത്തിന് ഫുഡ് ഇൻസ്പെക്ടർമാർ ഇല്ലാത്തതിനാൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ പൂർണമായും നിലച്ച അവസ്ഥയിലാണ്.

140 നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസിലും മൊബൈൽ ലാബുകളിലുമായി 160 ഓളം ഫുഡ് ഇൻസ്പെക്ടർമാരെയാണ് വേണ്ടത്. ഇതിൽ മണ്ഡലങ്ങളിലെ 54ഉം ജില്ലാ ഓഫീസുകളിലെയും മൊബൈൽ ലാബുകളിലെയും എട്ടും ഉൾപ്പെടെ 62 തസ്തികകളും കാലിയാണ്. 14പതിന്നാല് ജില്ലകളിലും മൊബൈൽ ലാബ് ഉണ്ടെങ്കിലും എട്ടെണ്ണം ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ വിശ്രമത്തിലാണ്. ചെക്ക് പോസ്റ്റുകളിലെയും ജില്ലകളിലെ മാർക്കറ്റുകൾ, ടൗൺഷിപ്പുകൾ എന്നിവിടങ്ങളിലെയും പരിശോധനയ്ക്കാണ് മൊബൈൽ ലാബുകൾ ഉപയോഗിച്ചിരുന്നത്.

സ്ഥാനക്കയറ്റവും മറ്റ് വകുപ്പുകളിൽ ഗസറ്റഡ് തസ്തികകളിൽ നിയമനം ലഭിച്ചവർ പോയതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ മണ്ഡലങ്ങളിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ,ബേക്കറികൾ,കടകൾ, മാർക്കറ്റുകൾ,ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ ആഴ്ചതോറും നടത്തിവന്ന പരിശോധനകൾ നിലച്ചു. ഈ പഴുതിൽ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമവും പഴകിയ ആഹാരസാധനങ്ങളുടെ വിൽപ്പനയും വ്യാപകമാകുകയും ചെയ്തു. ഓണം, ശബരിമല മണ്ഡലകാലം,ക്രിസ്തുമസ്, പുതുവർഷം, വിഷു – റംസാൻ – ഈസ്റ്റർ തുടങ്ങിയ ആഘോഷവേളകളിലെല്ലാം കാര്യക്ഷമമായി നടക്കേണ്ട ഭക്ഷ്യ സുരക്ഷാ പരിശോധന പേരിന് പോലുമില്ലാതായി.

വേനൽക്കാലം ശീതള പാനീയങ്ങളുടെയും സർബത്തുകളുടെയും കച്ചവടക്കാലമായതിനാൽ അവിടെയും പ്രത്യേക ശ്രദ്ധവേണം. ശുദ്ധമായ വെള്ളവും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ചേരുവകളുമാണോ ഇതിൽ ഉപയോഗിക്കുന്നതെന്ന് മുൻവർഷങ്ങളിൽ പരിശോധിച്ചിരുന്നു. രാസവസ്തുക്കൾ കലർത്തിയ പാലും മത്സ്യവും അതിർത്തി വഴി കടത്തുന്നത് തടയാനുള്ള പരിശോധനയും ഇപ്പോൾ സംസ്ഥാനത്ത് ഫലപ്രദമല്ല. ഇത് ആദ്യമായല്ല സംസ്ഥാനത്ത് ഷവർമ്മ ദുരന്തം ഉണ്ടാകുന്നത്.

ആദ്യ ഷവർമ്മ മരണം

2012ലാണ് സംസ്ഥാനത്ത് ആദ്യ ഷവർമ്മ മരണം ഉണ്ടായത്. തിരുവനന്തപുരം സ്വദേശി സച്ചിൻ റോയിയാണ് ഷവർമ്മ കഴിച്ച് ഭഷ്യവിഷബാധയേറ്റ് മരിച്ചത്. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിലാണ് സച്ചിൻ റോയ് എന്ന് 21 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി. ബംഗ്ലൂരുവിലേക്ക് ബസ് കയറുന്നതിന് മുൻപാണ് സച്ചിൻ വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങുന്നത്. അന്ന് രാത്രി വീട്ടുകാരോട് വയറിന് സുഖമില്ലെന്ന് അറിയിച്ചിരുന്നു. പിറ്റേദിവസമാണ് സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ കഴിച്ച മറ്റ് 10 പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നാണ് അന്വേഷണത്തിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിട്ടത്. അന്വേഷണത്തിൽ ഹോട്ടലിൽ ഉപയോഗിക്കുന്നത് പഴയ ഇറച്ചിയാണെന്ന് കണ്ടെത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കേസ് പൂർത്തിയായിട്ടില്ല. കഴിഞ്ഞവർഷം കൊച്ചിയിലും ഷവർമ്മ കഴിച്ച എട്ടോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തിരുവനന്തപുരത്തെ മരണത്തിന് ശേഷം പഴകിയ ഇറച്ചി ഉപയോഗിച്ച് ഷവർമ്മ ഉണ്ടാക്കുന്നതിന് അറുതിവന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആവർത്തിക്കുന്ന മരണവും ഭക്ഷ്യവിഷബാധയും ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷക്രിയമായതിന് തെളിവാണ്.

കാസർഗോഡ് സ്വദേശി ദേവനന്ദയാണ് ഷവർമ്മ കഴിച്ചുള്ള മരണത്തിന്റെ പുതിയ ഇര. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഐഡിയൽ ഫുഡ് പോയന്റെന്ന കടയിൽ നിന്നും ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചത്. രാവിലെ ഇവരിൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. വിദ്യാർത്ഥികളടക്കം 34 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.സംഭവത്തിന് പിന്നാലെ
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. കട പൂട്ടി സീൽ ചെയ്തു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.

ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്‌പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്‌സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമ   മുഹമ്മദ് നെ നാട്ടിലേക്കു വിളിച്ചു വരുത്താൻ തീരുമാനിച്ചിട്ടുണ്ട് അദ്ദേഹം നിലവിൽ ഇന്ത്യയ്ക്ക് പുറത്താണ്  കൂടാതെ മറ്റൊരു പാർട്ണറെയും   പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . പക്ഷെ ഇന്ന് വരെ ഫുഡ് പോയ്സൻ ന്റെ പേരിൽ കേരളത്തിൽ ആരെയും ശിക്ഷിച്ചിട്ടില്ല എന്നതാണ് വാസ്തവം . 

When poison is served in hotels that have gone up to starve

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment