visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Devanadha , Balasangham Flag
Devanadha , Balasangham FlagPhoto Credit : Siju Kuriyedam Sreekumar

ബാലസംഘത്തിന്റെ പ്രവർത്തകയും പഠനത്തിൽ മിടുക്കിയും; നാടിനും സ്കൂളിനും പ്രിയപ്പെട്ട പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടി കരിവെള്ളൂർ ​ഗ്രാമം

By - Siju Kuriyedam Sreekumar -- Monday, May 02, 2022 , 01:06 PM
കരിവെള്ളൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയായ ദേവനന്ദയുടെ മരണത്തിൽ ഞെട്ടൽ മാറാതെ കരിവെള്ളൂർ ​ഗ്രാമം. എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയായിരുന്നു ദേവനന്ദ. ബാലസംഘത്തിന്റെ പ്രവർത്തകയായിരുന്ന ദേവനന്ദ പഠനത്തിലും മിടുക്കിയായിരുന്നു. അതുകൊണ്ട് തന്നെ സ്കൂളിലും നാട്ടിലും ഏവർക്കും പ്രിയപ്പെട്ടവളായിരുന്നു ഈ പെൺകുട്ടി.

മൂന്നുമാസം മുൻപാണ് ദേവനന്ദയുടെ അച്ഛൻ മരിച്ചത്. അതിനുശേഷം പെരളത്തെ വീട്ടിലും ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലുമായാണ് താമസിച്ചിരുന്നത്. കഴിഞ്ഞാഴ്ചയാണ് ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ദേവനന്ദ ട്യൂഷന് ചേർന്നത്. കഴിഞ്ഞദിവസമാണ് ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്‌പോയിന്റിൽനിന്ന് ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ(16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഷവർമ കഴിച്ച മറ്റു 17 വിദ്യാർഥികളെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ബാലസംഗത്തിൽ പരിചയപ്പെട്ട കുട്ടികളിൽ നിന്നാണ് ദേവനന്ദക്കു ഷവര്മയോട് ഇഷ്ട്ടം തോന്നിയത് . ഇതിനു മുന്പും പലപ്പോളം കഴിച്ചിട്ടുള്ളതാണ് അന്നൊന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല എന്ന് ഫിദയും  അര്‍ഷയും  പറയുന്നു . ട്യൂഷൻ കഴിഞ്ഞു ഇറങ്ങിയ കുട്ടികളാണ് അന്ന് ഭഷ്യ വിഷബാധ ഏറ്റവരിൽ അധികവും . 

ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഒരാൾ വിളിച്ച് പരാതിപ്പെട്ടിരുന്നതായി കാസർകോട്ടെ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ ജോൺ വിജയകുമാർ പറഞ്ഞു. അതനുസരിച്ച് ഞായറാഴ്ച രാവിലെ 11.30-ഓടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കടയിലെത്തി സാമ്പിൾ ശേഖരിച്ച് കടപൂട്ടിയിരുന്നു. ഉച്ചയോടെയാണ് ഇ.വി.ദേവനന്ദ മരിച്ചത്. അപ്പോഴേക്കും ഭക്ഷ്യവിഷബാധയുമായി ഏറെപ്പേർ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയ്‌ക്കെത്തിയിരുന്നു. സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫലം പെട്ടെന്ന് ലഭിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും ജോൺ വിജയകുമാർ പറഞ്ഞു.

ചെറുവത്തൂർ, പിലിക്കോട്, കയ്യൂർ-ചീമേനി, കരിവെള്ളൂർ പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിവരമറിഞ്ഞതോടെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചെറുവത്തൂരിലെ ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങി. തൃക്കരിപ്പൂർ താലൂക്കാസ്പത്രി മെഡിക്കൽ ഓഫീസർ ഡോ. വി.സുരേശൻ, ചെറുവത്തൂർ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡി.ജി.രമേഷ് എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.

ബാലസംഘം

കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയാണു ബാലസംഘം.1938 ൽ കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ ഇ.കെ. നായനാരുടെ അധ്യക്ഷതയിൽ ആണ് ബാലസംഘം, ദേശീയ ബാലസംഘം എന്ന പേരിൽ രൂപം കൊള്ളുന്നത്. വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശേഷം ബാലസംഘം കേരളത്തിലെ എല്ലാവിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയാണ്

1938 ഡിസംബർ 28 ന് കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്തനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു . കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു. ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്. പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു. ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്ന സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം. "പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം" എന്നതാണ് ബാലസംഘത്തിന്റെ മുദ്രാവാക്യം .

സംഭവം ഇങ്ങനെ

വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്പോയന്റിൽനിന്ന് ദേവനന്ദയടക്കമുള്ളവർ ഷവർമ കഴിച്ചത്. ഞായറാഴ്ച രാവിലെയോടെ കുട്ടികൾക്ക് ഛർദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു. രാവിലെ പത്തുമണിയോടെ രോഗലക്ഷണമുള്ളവർ ചെറുവത്തൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിത്തുടങ്ങി. ഇവർക്ക് പ്രാഥമിക ചികിത്സനൽകി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുമാറ്റി. അവിടെവെച്ചായിരുന്നു ദേവനന്ദയുടെ മരണം.

ദേവനന്ദയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്‌കൂളിലും തുടർന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരിൽ നടക്കും.

വില്ലനാകുന്ന ഷവർമ്മ

ഓട്ടോമൻ തുർക്കികളുടെ ഇഷ്ടഭക്ഷണമായിരുന്ന ഷവർമ ഇന്ന് കേരളത്തിലെ ​ഗ്രാമ പ്രദേശങ്ങളിൽ പോലും സുലഭമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ഇറച്ചിക്കോഴികളിൽ ചത്തുപോയ കോഴികളുടെ മാംസമാണ് ഷവർമ്മയിൽ ഉപയോ​ഗിക്കുന്നതെന്ന് വളരെ മുമ്പ് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ശവക്കോഴി ഷവർമ്മ എന്ന തലക്കെട്ടിൽ ഇന്നത്തെ ഒരു ഭരണപ്പാർട്ടിയുടെ മുഖപത്രം തന്നെ എഡിറ്റോറിയൽ എഴുതുകയും ചെയ്തിരുന്നു. എന്നാൽ, ഷവർമ്മയെ ആളെ കൊല്ലും വിധം മാരകമാക്കുന്നത് വരെ കേരളത്തിലെ സർക്കാരോ ഭക്ഷ്യ സുരക്ഷാ വകുപ്പോ നിയന്ത്രിക്കാൻ തയ്യാറായതുമില്ല.

സംസ്ഥാനത്ത് ​ഗ്രാമ – ന​ഗര വ്യത്യാസമില്ലാതെ ബേക്കറികൾക്കും ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകൾക്കും മുന്നിൽ ഇന്ന് ഷവർമ്മ കാണാം. രുചികൊണ്ടും വ്യത്യസ്തത കൊണ്ടും യുവാക്കളെ ആകർഷിക്കുന്ന ഈ വിഭവം വില്ലനായി മരണത്തിനുവരെ ഇടയാകുകയാണ്. ഷവർമയ്ക്ക് കുഴപ്പമുണ്ടായതുകൊണ്ടല്ല അത്. ഉണ്ടാക്കുന്ന രീതിയിലെ പ്രശ്‌നങ്ങളാണ് അതിനെ വില്ലനാക്കുന്നത്. വൈകുന്നേരങ്ങളിലാണ് പൊതുവേ ഷവർമ വിൽപ്പനകേന്ദ്രങ്ങൾ പ്രവർത്തിച്ചുതുടങ്ങുന്നത്. നിരത്തുവക്കിൽ പൊടിയും വാഹനങ്ങളിൽ നിന്നുള്ള പുകയുമേറ്റ് തിരിയുന്ന ഇറച്ചി യുവാക്കളുടെ ഹരമായി മാറിയത് അടുത്തിടെയാണ്. പ്രിയഭക്ഷണം എന്ന പേരിനൊപ്പം അതിന്റെ അപകടവും സംസ്ഥാനം രുചിച്ചുതുടങ്ങിയിരുന്നു.

ഉണ്ടാക്കുന്നതിലെ അശ്രദ്ധയും ശരിയായി വേവിക്കാത്തതുമാണ് ഷവർമയെ കുഴപ്പക്കാരനാക്കുന്നത്. ഗ്യാസ് അടുപ്പിനോടുചേർന്ന് കമ്പിയിൽ തൂക്കിയിട്ട് ബർണറിലെ ചൂടേറ്റാണ് ഷവർമ വേവുന്നത്. തീ നന്നായി കത്തിയാലേ ഇറച്ചി വേവുകയുള്ളൂ. ഷവർമ ചെത്തിയെടുക്കാനും വേവിക്കാനും ചില വ്യവസ്ഥകളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഒരു സെന്റീമീറ്ററിന്റെ നാലിലൊന്ന് കനത്തിലേ ഷവർമ ചെത്തിയെടുക്കാവൂ എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. നേരിയ അളവിൽ ചെത്തുമ്പോൾ ബാക്കി ഭാഗം മൂന്നോ നാലോ മിനിട്ടുകൊണ്ട് നന്നായി വേവും. ബർണറിനോട് ചേർന്നുള്ള ഭാഗത്തുനിന്ന് മാത്രമേ ഇറച്ചി ചെത്തിയെടുക്കാനും പാടുള്ളൂ. ശരിയായി വേവാത്ത മാംസം കഴിക്കുമ്പോൾ വയറുവേദനയും ഛർദി ഉൾപ്പെടെയുള്ള അസ്വസ്ഥതകളും ഉണ്ടാകുന്നു.

ഷവർമയ്ക്ക് രുചി പകരുന്ന പ്രധാന വസ്തുവാണ് മയോണൈസ്. ഭക്ഷ്യവിഷബാധയുണ്ടാവുന്നതിന് മയോണൈസ് പ്രധാന കാരണമാകാറുണ്ട്. കോഴിമുട്ടയുടെ വെള്ള, വെളുത്തുള്ളി, സൂര്യകാന്തിയെണ്ണ എന്നിവ ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. പഴകിയാൽ ബാക്ടീരിയ പടർന്നുപിടിക്കുമെന്നതാണ് ഇതിന്റെ കുഴപ്പം. മയോണൈസ് കേടായാൽ ഭക്ഷ്യവിഷബാധ ഉറപ്പാണ്. ചില റസ്റ്റോറന്റുകാർ മയോണൈസ് ഉണ്ടാക്കിവെച്ച് രണ്ടും മൂന്നും ദിവസം ഉപയോഗിക്കും. അത് അപകടകരമാണെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഓരോ ദിവസത്തേക്കും അന്നന്നുതന്നെ ഉണ്ടാക്കണമെന്ന് അവർ നിർദേശിക്കുന്നു.

‘സൽമോണല്ല’ എന്ന ബാക്ടീരിയയുടെ അളവ് കൂടുന്നതാണ് ഷവർമ പോലുള്ള മാംസാഹാരം കഴിക്കുമ്പോൾ ഭക്ഷ്യവിഷബാധയുണ്ടാകാൻ പ്രധാന കാരണം. ഇത് പെട്ടെന്ന് മരണത്തിനിടയാക്കില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടമുണ്ടാക്കും. പഴകിയ മാംസത്തിലും വേവിച്ച ശേഷം ശരിയായ രീതിയിൽ സൂക്ഷിക്കാത്ത മാംസത്തിലുമാണ് ഈ വില്ലൻ ബാക്ടീരിയ ഉണ്ടാകുന്നത്. ബാക്കിവരുന്ന വേവിച്ച ഭക്ഷണം പിറ്റേദിവസം എടുത്തുപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ചുരുങ്ങിയത് 60 ഡിഗ്രി താപനിലയിൽ കുറച്ചുനേരം ചൂടാക്കിയാലേ ഈ ബാക്ടീരിയ നശിക്കുകയുള്ളൂ. പക്ഷേ, പലരും തീയിൽ ഒന്ന് കാണിച്ച് എടുക്കുകയാണ് ചെയ്യുന്നത്. അത് തീരെ ചൂടാക്കാത്തതിനെക്കാൾ ദോഷംചെയ്യും. കുറഞ്ഞ താപനിലയിൽ ബാക്ടീരിയ നശിക്കില്ലെന്ന് മാത്രമല്ല അപകടകരമായ രീതിയിൽ പെരുകുകയും ചെയ്യും.

വേവിച്ചതും അല്ലാത്തതുമായ മാംസം ഒരുമിച്ച് ശീതീകരണിയിൽ സൂക്ഷിക്കുന്നതും ബാക്ടീരിയ പടർത്താനിടയാക്കും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്ര തവണ നിർദേശിച്ചാലും പല റസ്റ്റോറന്റുകാരും ഈ ശീലം മാറ്റാറില്ല. ഷവർമ മുഴുവൻ വിറ്റുപോയില്ലെങ്കിൽ ശീതീകരണിയിൽ എടുത്തുവെച്ച് അടുത്തദിവസം ഉപയോഗിക്കുന്നവരുമുണ്ട്. ഇവരൊക്കെയാണ് ഷവർമയെ വില്ലനാക്കുന്നത്.
ജീവപര്യന്തംവരെ കിട്ടാവുന്ന കുറ്റം

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് ആക്ട് 2006-ൽ നിലവിൽ വന്നു. ചട്ടങ്ങളും നിർദേശങ്ങളും 2011-ൽ വന്നു. 2012 മുതൽ നിയമം നടപ്പാക്കിത്തുടങ്ങി. അതനുസരിച്ച് സുരക്ഷിതമല്ലാതെ ഭക്ഷണം വിൽക്കുകയോ അത് പരിക്കിനോ മരണത്തിനോ കാരണമാകുകയോ ചെയ്താൽ ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകും. പരിക്കിന്റെ കാഠിന്യമനുസരിച്ച് ജീവപര്യന്തംവരെ തടവിനും 10 ലക്ഷം രൂപ വരെ പിഴയ്ക്കും ശിക്ഷിക്കാം. നിയമം ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണത്തിൽ മായം ചേർക്കുന്നതും പഴകിയ ഭക്ഷണം വിൽക്കുന്നതും നിർബാധം തുടരുകയാണ്. അതിലേക്കാണ് ചെറുവത്തൂർ സംഭവവും വിരൽചൂണ്ടുന്നത്.

ഭക്ഷ്യോത്പാദന സംഭരണ വിതരണമേഖലകളിലെ സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാണ്. പലയിടത്തും കച്ചവടക്കാർ ലൈസൻസ് പുതുക്കാറില്ല. അത്തരം നടപടി ശ്രദ്ധയിൽ പെട്ടാൽ നോട്ടീസ് നൽകാറുണ്ടെങ്കിലും പലരും അവഗണിക്കുകയാണ് പതിവ്. ലൈസൻസെടുക്കാതെ പ്രവർത്തിക്കുന്നവരും ഈ രംഗത്തുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് പരിശോധനയ്ക്കും നടപടിക്കും തടസ്സമാകാറുമുണ്ട്.

Karivellur village shocked by the death of Balasangham member Devanadha
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment