visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Guideline

Home / Health/ Guideline
Covid 19
Covid 19Photo Credit : From Social Media

എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?

By - Siju Kuriyedam Sreekumar -- Friday, December 03, 2021 , 07:26 PM


രണ്ട് വര്‍ഷമാകുന്നു കൊറോണ വൈറസ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട്. വൈറസിന്റെ നിരവധി വകഭേദങ്ങള്‍, കോവിഡ് പ്രതിരോധത്തിനുള്ള നിരവധി വാക്‌സിനുകള്‍ എന്നിവ രംഗത്തെത്തിയ ഒരു വര്‍ഷമായിരുന്നു 2021. വാക്‌സിനേഷനെത്തുടര്‍ന്ന് കോവിഡ് കണക്കുകളില്‍ കുറവ് വന്നുതുടങ്ങുകയും ചെയ്തു. അതിനാല്‍ തന്നെ കോവിഡ് ഭീതി കുറഞ്ഞുവെന്ന് കരുതി ലോകം പഴയ അവസ്ഥയിലേക്ക് തിരികെയെത്താനുള്ള ഓട്ടത്തിലായിരുന്നു. ഇത്തരത്തില്‍, കോവിഡ് ഭീതി ഒഴിയുന്നു എന്ന് കരുതിയ സമയത്താണ് കൊറോണ വൈറസിന്റെ പുതിയൊരു വകഭേദത്തെ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ഇന്ത്യയിലും ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. കര്‍ണാടകയില്‍ രണ്ടുപേരിലാണ് ഒമിക്രോണ്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദം

കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ വകഭേദം. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതോടെ ഗ്രീക്ക് അക്ഷരമാലയിലെ 15 ാമത്തെ ഒമിക്രോണ്‍ എന്ന വാക്ക് പുതിയ വകഭേദത്തിന് നല്‍കുകയായിരുന്നു. 12 വകഭേദങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ 13,14 വാക്കുകള്‍ ചൈനയിലെ വ്യക്തികള്‍ക്ക് നല്‍കുന്ന പേരുകളെ സൂചിപ്പിക്കുന്നതായതിനാല്‍ ആ രണ്ട് വാക്കുകള്‍ ഒഴിവാക്കി അതിനുശേഷമുള്ള ഒമിക്രോണ്‍ എന്ന വാക്ക് ഏറ്റവും പുതിയ കൊറോണ വൈറസ് വകഭേദത്തിന് നല്‍കുകയായിരുന്നു. 

നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോണ്‍ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ കോവിഡ് വാക്സിനുകളെ ഇവ മറികടന്നേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു. 

ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍(Variants of concern) എന്ന വിഭാഗത്തിലാണ് ഒമിക്രോണ്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തെയും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഡെല്‍റ്റ വകഭേദവും വാക്‌സിനെടുത്തവരിലും രോഗമുണ്ടാക്കിയിരുന്നു. ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്നാണിത് അറിയപ്പെടുന്നത്. ഇതേ സാധ്യതകള്‍ ഒമിക്രോണിനുമുണ്ട്. ഡെല്‍റ്റ വാക്‌സിനെടുത്തവരില്‍ ഗുരുതരാവസ്ഥയുണ്ടാക്കിയില്ല. അതിനാല്‍ തന്നെ ഒമിക്രോണിനെ ശാസ്ത്രലോകം സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 

ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? ബൂസ്റ്റര്‍ ഡോസ് ആവശ്യമാണോ?-ഡോ. അനീഷ് ടി.എസ്. സംസാരിക്കുന്നു

കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അനീഷ് ടി.എസ്. പറയുന്നത് ഇങ്ങനെ:

''ഒമിക്രോണിനെക്കുറിച്ച് നമുക്ക് ഇപ്പോള്‍ ലഭ്യമായ ഡാറ്റ പ്രകാരം അറിയാന്‍ കഴിഞ്ഞിരിക്കുന്നത് അതിന്റെ വേഗത്തിലുള്ള പകര്‍ച്ചയാണ്. ഒരുമിച്ച് ഒരുപാട് ആളുകളെ രോഗികളാക്കി മാറ്റാനുള്ള കഴിവ് ഒമിക്രോണിനുണ്ട്. സാങ്കേതികമായി പറഞ്ഞാല്‍ ഒമിക്രോണിന്റെ ആര്‍ ഫാക്ടര്‍ എന്ന് പറയുന്നത് ഡെല്‍റ്റയുടെ ആര്‍ ഫാക്ടറിന്റെ നാലോ അഞ്ചോ ഇരട്ടി ഉണ്ടാകുമെന്നാണ് കരുതുന്നത്. 


വളരെ വേഗത്തില്‍ പടരുന്നു അതായത് ഒരാളില്‍ നിന്ന് വളരെ കൂടുതല്‍ ആളുകള്‍ക്ക് രോഗം പകരുമെന്നാണ് അതിന്റെ അര്‍ഥം. ഒമിക്രോണ്‍ ബാധിച്ച ഒരാളില്‍ നിന്ന് ശരാശരി 20-30 പേര്‍ക്ക് രോഗം വ്യാപിച്ചേക്കാമെന്നാണ് ഇപ്പോള്‍ ഉള്ള ഒരു കണക്ക്. ഇത്തരത്തില്‍ ഇത്രയും പേരിലേക്ക് രോഗം വ്യാപിക്കണമെങ്കില്‍ അത് വായുവിലൂടെ തന്നെ പകരണം. വായുവിലൂടെ വ്യാപിക്കാനുള്ള കഴിവ് ഈ വൈറസ് വിഭാഗത്തിന് കൂടുന്നു എന്നതാണ് ഇതില്‍ പ്രധാനം. 

അതിനാല്‍ തന്നെ ഒമിക്രോണ്‍ വന്നുകഴിഞ്ഞാല്‍ അത് വായുവിലൂടെ തന്നെ പകരുന്ന ഒരു രോഗമായിരിക്കും. അതിനാല്‍ വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. 

ഡബിള്‍ മാസ്‌കും എന്‍95 മാസ്‌കും

വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗുണനിലവാരമുള്ള ഒരു മാസ്‌ക് ഉപയോഗിക്കുകയാണ്. എന്‍ 95 മാസ്‌ക് ആണ് ഏറ്റവും നല്ലത്. മറ്റ് മാസ്‌ക്കുകള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഡബിള്‍ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്. അതായത് മൂക്കിനോട് ചേരുന്ന ഭാഗത്ത് ഒരു സര്‍ജിക്കല്‍ മാസ്‌കും അതിന് മുകളില്‍ പുറംഭാഗത്തായി തുണിമാസ്‌കും ചേര്‍ത്ത് ഉപയോഗിക്കുകയാണ് നല്ലത്. തുറസ്സായ സ്ഥലങ്ങള്‍ക്കും പ്രാധാന്യമുണ്ട്. വായുസഞ്ചാരം ഉറപ്പാക്കുക, മുറിക്കുള്ളിലാണെങ്കില്‍ ജനലും വാതിലും തുറന്നിടുക, ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അടഞ്ഞ ഇടങ്ങളില്‍ അല്ല എന്ന് ഉറപ്പുവരുത്തുക. 

ബൂസ്റ്റര്‍ ഡോസ് വേണോ?

വാക്‌സിനുകള്‍ വികസിപ്പിച്ച കാലത്തേക്കാള്‍ കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന് സംഭവിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഇതില്‍ ഒമിക്രോണ്‍ വകഭേദത്തിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരെക്കൂടി രോഗികളാക്കി മാറ്റാന്‍ ഒമിക്രോണിന് കഴിയാനാണ് സാധ്യത. 

നിലവില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുത്തവരാണ്. അതിനാല്‍ നിലവിലുള്ള വാക്‌സിന്‍ എടുത്തു എന്നതിനാല്‍ ഒമിക്രോണ്‍ ബാധിക്കില്ലെന്ന് കരുതാനാവില്ല. അതേസമയം തന്നെ കൊറോണ വൈറസിനെതിരെ കോവിഡ് വാക്‌സിനുകള്‍ നല്‍കുന്ന ഭാഗികമായ ഒരു രോഗപ്രതിരോധ ശേഷി മരണങ്ങളില്‍ നിന്നും രോഗം ഗുരുതരമാവാതിരിക്കാനും നമ്മെ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ വാക്‌സിനെടുത്തവരില്‍ രോഗാണുവിന്റെ വീര്യം കുറയാന്‍ സഹായിക്കും. അതുകൊണ്ട് വാക്‌സിനേഷന്‍ രണ്ട് ഡോസും നിര്‍ബന്ധമായും എടുക്കണം. 

നാം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിരപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് രോഗം ബാധിക്കാന്‍ ഏറെ സാധ്യതയുള്ളവര്‍. അതിനാല്‍ അത്തരത്തിലുള്ളവര്‍ക്ക് മൂന്നാമതൊരു ഡോസ് വാക്‌സിന്‍ അഥവ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നന്നായിരിക്കും. അതുവഴി രോഗം കടന്നുവരുന്നത് വൈകിച്ചേക്കാം. ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാവുന്നത് ആരോഗ്യസംവിധാനത്തെയാകെ തകിടം മറിച്ചേക്കാം. 

ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ആറുമാസം പിന്നിട്ടിരിക്കുകയാണ്. അതിനാല്‍ അവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് പരിഗണിക്കാവുന്നതാണ്. രണ്ട് ഡോസ് വാക്‌സിനെടുത്താലും രോഗം വന്നാല്‍ അപകടം സംഭവിക്കാന്‍ സാധ്യതയുള്ള ആളുകളുണ്ട്. മറ്റ് ഗുരുതര രോഗങ്ങള്‍ ബാധിച്ചവരാണ് ഇവര്‍. ഇവരെയും ബൂസ്റ്റര്‍ ഡോസിന് പരിഗണിക്കാവുന്നതാണ്. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ മാസ്‌ക് ധരിക്കുന്നതിന് പ്രാധാന്യം കൊടുക്കണം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക. അന്താരാഷ്ട്ര യാത്രക്കാരെ കൃത്യമായി പരിശോധിച്ച് ജനിതകശ്രേണി നിര്‍ണയിക്കണം. അന്താരാഷ്ട്ര യാത്രാ നിയന്ത്രണം ഫലപ്രദമായേക്കാം. വ്യാപകമായ യാത്രാനിരോധനം നടപ്പാക്കണം എന്ന് പറയാനാകില്ല. കാരണം അതുമൂലമുണ്ടാകുന്ന മറ്റ് നഷ്ടങ്ങള്‍ വളരെയധികമായിരിക്കും. 

ഒരിക്കല്‍ കോവിഡ് വന്നുപോയവര്‍ ഒമിക്രോണിനെ ഭയക്കണോ?

ഒമിക്രോണ്‍ വന്നവരില്‍ നിലവില്‍ ഭീകരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. പക്ഷേ, പേടിക്കേണ്ടത് ഒരു വലിയ സമൂഹത്തെ അല്ലെങ്കില്‍ നിരവധി ആളുകളെ ഒമിക്രോണ്‍ ഒന്നിച്ച് ബാധിക്കുന്നു എന്നതിനെയാണ്. അത്തരത്തില്‍ ഒരുപാട് ആളുകളെ ഒന്നിച്ച് രോഗം ബാധിക്കുന്നു എന്നതിനാല്‍ ആശുപത്രികള്‍ പെട്ടെന്ന് നിറയാനും വേണ്ടത്ര ചികിത്സ ലഭിക്കാനും സാധിക്കാത്ത അവസ്ഥയുണ്ടാകാന്‍ ഇടയുണ്ട്. ഒരു സാമൂഹിക പ്രശ്‌നമാണ് ഇത്തരത്തില്‍ ഒമിക്രോണ്‍ ഉണ്ടാക്കുന്നത്.''- ഡോ. അനീഷ് വ്യക്തമാക്കുന്നു. 

പുതിയ വാക്‌സിന്‍ വികസിപ്പിക്കാമെന്ന് വാക്‌സിന്‍ കമ്പനികള്‍

നിലവിലുള്ള വാക്‌സിനുകള്‍ ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളെ പ്രതിരോധിച്ച് ഗുരുതരാവസ്ഥയും മരണവും കുറയ്ക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. എന്നാല്‍, ഈ വാക്‌സിനുകളെ ഒമിക്രോണ്‍ മറികടന്നാല്‍ നൂറുദിവസത്തിനകം പുതിയ വാക്‌സിന്‍ തയ്യാറാക്കാനാവും എന്നാണ് ചില വാക്‌സിന്‍ നിര്‍മ്മാണക്കമ്പനികള്‍ പറയുന്നത്. നിലവില്‍ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ ഒരു ബെയ്‌സ് ഉള്ളതിനാലും, ആദ്യമായി വാക്‌സിന്‍ തയ്യാറാക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും സാങ്കേതിക സങ്കീര്‍ണതകള്‍ ഇപ്പോള്‍ ഉണ്ടാവില്ല എന്നതിനാലും പുതിയ വാക്‌സിന്‍ തയ്യാറാക്കല്‍ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കുറച്ചുകൂടി എളുപ്പമായിരിക്കും എന്നാണ് കരുതുന്നത്.  

ഒമിക്രോണിന്റെ ജനിതകവ്യതിയാനങ്ങള്‍

അമ്പത് ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചുകഴിഞ്ഞതാണ്‌ ഒമിക്രോണ്‍ വകഭേദം. ഇതില്‍ 32 എണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ് സംഭവിച്ചിരിക്കുന്നത്. നിലവിലെ കോവിഡ് വാക്‌സിനുകളുടെയെല്ലാം ടാര്‍ഗറ്റ് എന്ന് പറയുന്നതു തന്നെ സ്‌പൈക്ക് പ്രോട്ടീനുകളാണ്. മനുഷ്യ ശരീരത്തിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. അതിനാല്‍ തന്നെ സ്‌പൈക്ക് പ്രോട്ടീനില്‍ വരുന്ന ഈ മാറ്റങ്ങള്‍ ഈ പുതിയ വകഭേദത്തിന് നേരത്തെയുള്ള വകഭേദങ്ങളേക്കാള്‍ വ്യാപനശേഷിയുള്ളതാക്കാന്‍ ഇടയാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഗവേഷകര്‍. 

മുന്‍പുള്ള ഡെല്‍റ്റ വകഭേദവുമായി താരമ്യം ചെയ്യുമ്പോള്‍ പുതിയ വകഭേദത്തിന്റെ റിസപ്റ്റല്‍ ബൈന്‍ഡിങ് ഡൊമെയ്‌നില്‍ പത്ത് ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ സംഭവിച്ച കെ. 417.എന്‍ എന്ന ജനിതകവ്യതിയാനമാണ്. ഇമ്മ്യൂണ്‍ റെസ്‌പോണ്‍സുമായി ബന്ധപ്പെട്ടതാണിത്. ഇപ്പോള്‍ ഏറ്റവും പുതുതായി രൂപപ്പെട്ട ബി. 1.1.529 എന്ന ഒമിക്രോണ്‍ വകഭേദം അക്കൂട്ടത്തില്‍പ്പെട്ടതാണോയെന്ന് വ്യക്തമല്ല. 

ഈ പുതിയ വകഭേദം എച്ച്.ഐ.വി. എയ്ഡ്‌സ് പോലെ പ്രതിരോധ ശേഷിയില്‍ കുറവുള്ള ഒരു രോഗിയില്‍ ഉണ്ടായ കടുത്ത അണുബാധയില്‍ നിന്നായിരിക്കാം രൂപപ്പെട്ടതെന്ന് ലണ്ടനിലെ യു.സി.എല്‍. ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫ്രാങ്കോയിസ് ബലോക്‌സ് അഭിപ്രായപ്പെട്ടിരുന്നു. 

വ്യാപനം തുടങ്ങിയത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്

ഒമിക്രോണ്‍ ആദ്യം തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണ്. മൂന്നുപേരില്‍ തിരിച്ചറിഞ്ഞ ഈ വകഭേദം നാലാഴ്ചയില്‍ താഴെ സമയത്തിനുള്ളിലാണ് ദക്ഷിണാഫ്രിക്കയില്‍ വ്യാപിച്ചത്. തുടര്‍ന്ന് ബോട്‌സ്വാന ഉള്‍പ്പടെയുള്ള സമീപരാജ്യങ്ങളിലേക്കും പടരുകയായിരുന്നു. വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ചവരും രോഗബാധിതരാണ്. 

നിലവില്‍ 26 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയെന്നാണ് ലോകാരോഗ്യ സംഘഘടന വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കെത്തിയവരില്‍ നിന്നാണ് ഈ രാജ്യങ്ങളിലേക്കും രോഗാണുക്കളെത്തിയത്. 

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഒമിക്രോണ്‍ മറികടക്കാന്‍ ഇടയുണ്ടെന്നും എങ്കിലും നിലവിലെ വാക്‌സിനുകള്‍ രോഗം തീവ്രമാകാതെയിരിക്കാനും മരണം ഒഴിവാക്കാനും സഹായിക്കുമെന്നും ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് അഭിപ്രായപ്പെടുന്നു. 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ മാസം എടുത്ത സാംപിളുകളില്‍ 74 ശതമാനവും പുതിയ വകഭേദമാണ്. കഴിഞ്ഞയാഴ്ചയാണ് പുതിയ വകഭേദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതെങ്കിലും നവംബര്‍ എട്ടിന് പരിശോധിച്ച ആദ്യത്തെ സാംപിളില്‍ നിന്നും പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഒമിക്രോണ്‍ ഏത് രീതിയില്‍, എത്ര തീവ്രതയോടെ,എങ്ങനെ വ്യാപിക്കുമെന്നതിന്റെ വിശദാംശങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.

പുതിയ വകഭേദം വന്ന സാഹചര്യത്തില്‍ യു.എസും ബ്രിട്ടനും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന പദ്ധതി വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടനില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പുതിയ വകഭേദം ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ ഒറ്റ ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. 

പുതിയ ഒമിക്രോണ്‍ വകഭേദം ചെറുപ്പക്കാരെയാണ് ബാധിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ യഥാര്‍ഥ തീവ്രത കൃത്യമായി അറിയാനായിട്ടില്ല. കാരണം, ഇത് ചെറുപ്പക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇവര്‍ക്ക് രോഗാണുവുമായി പോരാടാനുള്ള കഴിവുണ്ടായിരിക്കും. അതിനാല്‍ രോഗം ബാധിക്കുന്നവര്‍ പിന്നീട് കുറച്ചുനാളത്തേക്ക് രോഗവാഹകരാകാനും സാധ്യതയുണ്ട്. എങ്കിലും പ്രായമാവുന്നവരെയാണ് കൂടുതല്‍ നിരീക്ഷിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസിലെ പൊതുജനാരോഗ്യ വിഭാഗം തലവനന്‍ മിഷല്ലെ ഗ്രൂമെ പറഞ്ഞു. വാക്‌സിനെടുക്കാത്തവരിലും ഗുരുതര രോഗങ്ങളുള്ളവരിലുമായിരിക്കും പുതിയ വകഭേദം പിടിമുറുക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നിലവില്‍ 26 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നൈജീരിയ, യു.കെ. ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ചെക്ക് റിപ്പബ്ലിക്ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്കോങ്, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക്, സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും പുതിയതായി ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 

കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ പലതരം 

കൊറോണ വൈറസിന്റെ വകഭേദങ്ങളെയെല്ലാം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിരീക്ഷിക്കേണ്ട വകഭേദങ്ങള്‍(Variants Being Monitored), ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍(Variants of concern), വലിയ പ്രാധാന്യമുള്ള വകഭേദങ്ങള്‍(Variants of High Consequence) എന്നിങ്ങനെ ശാസ്ത്രജ്ഞര്‍ അവയെ തരംതിരിച്ചിട്ടുണ്ട്. ചില വകഭേദങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പത്തിലും പെട്ടെന്നും വ്യാപിക്കാന്‍ സാധ്യതയുള്ളതാണ്. ഇത് കോവിഡ് കേസുകള്‍ പെട്ടെന്ന് വര്‍ധിക്കാന്‍ കാരണമാകും.  

എന്തുകൊണ്ട് വകഭേദങ്ങള്‍ ഉണ്ടാകുന്നു?

വൈറസ് വ്യാപനം കൂടുന്നതിന് അനുസരിച്ച് വൈറസിന് ജനിതകവ്യതിയാനം വരാനുള്ള സാധ്യത കൂടുതലാണ്. ആയിരക്കണക്കിന് ചെറിയ മാറ്റങ്ങള്‍ കൊറോണ വൈറസില്‍ ഉണ്ടാകാറുണ്ട്. ചില മാറ്റങ്ങള്‍ ചെറിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചിലപ്പോള്‍ അത് കൂടുതലായിരിക്കും. എന്നാല്‍ ചില ജനിതകവ്യതിയാനങ്ങള്‍ പുതിയ വകഭേദത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുന്നു. മനുഷ്യ ശരീരത്തില്‍ വൈറസ് തുളച്ചുകയറുന്ന സ്‌പൈക്ക് പ്രോട്ടീനിലാണ് ഈ മാറ്റങ്ങള്‍ ഉണ്ടാവുക. 

നിലവിലുള്ള കൊറോണ വൈറസ് വകഭേദങ്ങള്‍ ഇവയാണ്

ആല്‍ഫ
ബി.1.1.7 എന്നാണ് ശാസ്ത്രീയ നാമം. ആദ്യമായി കണ്ടെത്തിയത് 2020 സെപ്റ്റംബറില്‍ യു.കെയിലാണ്. 

ബീറ്റ

ബി.1.351 എന്നാണ് ശാസ്ത്രീയ നാമം. 2020 മേയില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. 

ഗാമ

പി.1 എന്നാണ് ശാസ്ത്രീയ നാമം. 2020 നവംബറില്‍ ബ്രസീലിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. 

ഡെല്‍റ്റ

ബി.1.617.2 എന്നാണ് ശാസ്ത്രീയ നാമം. 2020 ഒക്ടോബറിലില്‍ ഇന്ത്യയിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. 

എപിസിലോണ്‍

ബി.1.427/ ബി.1.429 എന്നാണ് ശാസ്ത്രീയ നാമം. 2020 മാര്‍ച്ചില്‍ യു.എസ്.എയിലാണ് കണ്ടെത്തിയത്. 

സീറ്റ

പി.2 എന്നാണ് ശാസ്ത്രീയ നാമം. 2020 ഏപ്രിലില്‍ ബ്രസീലിലാണ് തിരിച്ചറിഞ്ഞത്. 

കാപ്പ

ബി.1.617.1 എന്നതാണ് ശാസ്ത്രീയ നാമം. 2020 ഒക്ടോബറില്‍ ഇന്ത്യയിലാണ് ഇത് സ്ഥിരീകരിച്ചത്. 

ഇയോറ്റ

ബി.1.526 എന്നാണ് ശാസ്ത്രീയ നാമം.2020 നവംബറില്‍ യു.എസ്.എയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. 

ഈറ്റ

ബി.1.525 എന്നാണ് ശാസ്ത്രീയ നാമം. 2020 ഡിസംബറില്‍ നിരവധി രാജ്യങ്ങളില്‍ തിരിച്ചറിഞ്ഞു. 

തീറ്റ

പി.3 എന്നാണ് ശാസ്ത്രീയ നാമം. 2021 ജനുവരിയില്‍ ഫിലിപ്പിന്‍സിലാണ് ആദ്യമായി കണ്ടെത്തിയത്. 

ഡെല്‍റ്റ പ്ലസ്

എ.വൈ.1 എന്നാണ് ശാസ്ത്രീയ നാമം. 2021 ജൂണില്‍ ഇന്ത്യയിലാണ് ഇത് തിരിച്ചറിഞ്ഞത്. 

ഒമിക്രോണ്‍

ബി.1.1.529 എന്നാണ് ശാസ്ത്രീയ നാമം. 2021 നവംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. 

ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിനുകള്‍

ഫൈസര്‍-ബയോണ്‍ടെക് വാക്സിന്‍

ഫൈസറും ബയോണ്‍ടെക് കമ്പനിയും ചേര്‍ന്ന് പുറത്തിറക്കിയ വാക്സിനാണിത്. 2020 ഡിസംബര്‍ 31 ന് ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. 

ആസ്ട്രസെനക-ഓക്സ്ഫഡ് വാക്സീനുകള്‍

ആസ്ട്രസെനകയും ഓക്സ്ഫഡും ചേര്‍ന്ന് നിര്‍മ്മിച്ചത് രണ്ട് വാക്സിനുകളാണ്. കൊറിയയിലെ എസ്.കെ. ബയോയും ആസ്ട്രസെനകയും ചേര്‍ന്ന് പുറത്തിറക്കിയ വാക്സിനാണ് ഒന്ന്. ആസ്ട്രസെനക ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് പുറത്തിറക്കിയ വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്സിനാണ് കോവിഷീല്‍ഡ്. ഇവയ്ക്ക് രണ്ടിനും 2021 ഫെബ്രുവരി 15 ന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കി. 

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

Ad26.COV2.S  എന്ന വാക്സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറത്തിറക്കിയത്. 2021 മാര്‍ച്ച് 12 ന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. 

മോഡേണ വാക്സിന്‍

മോഡേണയുടെ എം.ആര്‍.എന്‍.എ. സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച വാക്സിനാണിത്. 2021 ഏപ്രില്‍ 30 ന് ആണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്. 

സിനോഫാം വാക്സിന്‍

ചൈനയിലെ ബീജിങ് ബയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്സ് ആണ് സിനോഫാം വാക്സിന്‍ പുറത്തിറക്കിയത്. 2021 മേയ് ഏഴിനാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. 

സിനോവാക് കൊറോണവാക്

ചൈനയില്‍ നിന്നുള്ള സിനോവാക് ആണ് സിനോവാക് കൊറോണവാക് വാക്സിന്‍ നിര്‍മ്മിച്ചത്. 2021 ജൂണ്‍ ഒന്നിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചു. 

കൊവാക്സിന്‍

ഇന്ത്യയിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. 2021 നവംബര്‍ മൂന്നിനാണ് അനുമതി ലഭിച്ചത്.



LEAVE A REPLY

Security code:

COMMENTS

Be the first to comment