visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Shiny With Family
Shiny With FamilyPhoto Credit : SMP

ജീവിക്കാനുള്ള പെടാപാടിൽ ഷൈനിക്ക് നഷ്ടമായത് ഭർത്താവിനെയും മകനെയും ബന്ധുക്കളെയും; ഇതൊന്നും അറിയാതെ മരുന്നുകളോട് മല്ലടിച്ചു മയക്കത്തിലാണ് ഷൈനി

By - Visum Expresso -- Friday, April 29, 2022 , 08:02 AM

നെടുമങ്ങാട്:ഏതാനും ദിവസം മുൻപ് നാടിനെ നടുക്കിയ അപകടമായിരുന്നു എയർപോർട്ട് യാത്രാ മദ്ധ്യേ  ഉണ്ടായ വാഹനാപകടം . ആ അപകടത്തിൽ   ബാക്കിയായത് ഇപ്പോൾ ഷൈനി മാത്രമാണ്. ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആനാട് നെട്ടറക്കോണം സ്വദേശി ഷൈനിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു . ഐസിയുവിൽ നിന്ന് ഷൈനിയെ വാർഡിലേക്ക് മാറ്റി. അപകടത്തിൽ ഭർത്താവ് സുധീഷ് ലാലും ഏക മകൻ നിരഞ്ജനും സഹോദരൻ ഷൈജുവും അടുത്ത ബന്ധു അഭിരാഗും അടക്കം യാത്രയിൽ തനിക്കൊപ്പമുള്ള എല്ലാവരും മരിച്ച വിവരം ഷൈനി ഇനിയും അറിഞ്ഞിട്ടില്ല. മരുന്നുകളുടെ മയക്കം മാറി കണ്ണ് തുറക്കുമ്പോൾ കണ്ണീരൊഴുക്കി മകനെ തിരക്കുന്നുണ്ട് ഷൈനി. നെറ്റിയോട് ചേർന്നുള്ള മുറിവിൽ തയ്യൽ ഇട്ടിട്ടുണ്ട്. തലയിൽ രണ്ടിടത്ത് രക്തം കട്ട പിടിച്ചിട്ടുണ്ട്. വലത് കയ്യിൽ പൊട്ടലും‌, മുഖത്തും ദേഹത്തിന്റെ പലഭാഗങ്ങളിലും മുറിവുകളും ഉണ്ട്.

ഗൾഫിൽ ജോലിക്കായി ഷൈനിക്ക് വീസ ലഭിച്ചതിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നെടുമങ്ങാട്ടു നിന്നുള്ള യാത്രയിൽ അമ്പലപ്പുഴയിൽ ബുധനാഴ്ച പുലർച്ചെ കുടുംബം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷൈനിയുടെ ഏക മകൻ നിരഞ്ജൻ(12), ഭർത്താവ് സുധീഷ് ലാൽ, സഹോദരൻ ഷൈജു, സുധീഷിന്റെ പിതൃസഹോദരൻ അഭിരാഗ് എന്നിവർ മരിച്ചു. സുധീഷ് ഓടിച്ച കാർ എതിരെ വന്ന ലോറിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു .സുധീഷ് ലാലിന്റെയും നിരഞ്ജന്റെയും സഞ്ചയനം ആനാട്ട് നെട്ടറക്കോണത്തെ വീട്ടിൽ ഞായറാഴ്ച 9നും ഷൈജുവിന്റേയും, അഭിരാഗിന്റെയും സഞ്ചയനം ചൊവ്വാഴ്ച 9ന് പരുത്തികുഴിയിലെ വീടുകളിലുമാണ് നടക്കുക.

സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ആനാട് നെട്ടറക്കോണം അനീഷ് ഭവനിൽ സുധീഷ്. കടങ്ങൾ വീട്ടുന്നതിനും മികച്ച സാമ്പത്തിക അടിത്തറയുള്ള കുടുംബാന്തരീക്ഷമൊരുക്കുന്നതിനും അശ്രാന്തപരിശ്രമത്തിലായിരുന്നു സുധീഷ്. ഭർത്താവിന്റെ സ്വപ്‌നങ്ങൾക്കൊപ്പം ഭാര്യ ഷൈനിയും കൂട്ടുനിന്നു. പെയിന്റിങ് ജോലിക്കൊപ്പം കച്ചവടവും മീൻവളർത്തലും അലങ്കാരപ്പക്ഷികളെ വളർത്തലുമൊക്കെ ചെയ്തിരുന്നു. ഇതിലെല്ലാം ഷൈനിയുടെ പിന്തുണയും സഹായവുമുണ്ട്. എന്നാൽ, കടങ്ങളൊെക്ക വീട്ടാനുള്ള അവസരം സൗദിയിലെ ജോലിയിലൂടെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഭർത്താവിനെയും മകനെയും വിട്ട് വിദേശത്തേയ്ക്കു പോകാൻ ഷൈനിയെ പ്രേരിപ്പിച്ചത്. അവിടെയുള്ള ബന്ധുവഴി ആശുപത്രിയിൽ ഹോം നഴ്‌സായാണ് ജോലി ലഭിച്ചത്. കൊച്ചിയിലെ ഏജൻസി വഴിയാണ് വിസയും മറ്റും ശരിയാക്കിയത്. കേരളത്തിൽനിന്ന് അഞ്ചുപേർക്ക് ഒരുമിച്ചാണ് ഏജൻസി നെടുമ്പാശ്ശേരി വഴി ദമാമിലേയ്ക്ക് ടിക്കറ്റ് നൽകിയത്. അതുകൊണ്ടാണ് സൗദിയിലേയ്ക്ക് പോകാൻ ഷൈനിക്ക് നെടുമ്പാശ്ശേരിയിലേയ്ക്ക് പോകേണ്ടിവന്നത്.

ഇതിനുമുൻപുതന്നെ പലതവണ കുടുംബസമേതം കാറിൽ കൊച്ചിയിലേയ്ക്കു പോയിരുന്നു. ടിക്കറ്റും മറ്റു രേഖകളും വാങ്ങുന്നതിന്‌ കഴിഞ്ഞ ശനിയാഴ്ചയും ഇവരെല്ലാവരും കൊച്ചിയിലേയ്ക്ക് കാറിൽ പോയി മടങ്ങിവന്നതായി അയൽവാസിയും ബന്ധുവുമായ ഉഷ ഓർക്കുന്നു. മികച്ച ഡ്രൈവറായ സുധീഷിന് അപകടമുണ്ടായതിന്റെ ഞെട്ടലിലാണ് ഇവരെല്ലാവരും. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കെല്ലാം ഓടിയെത്തുന്ന, എല്ലാവരോടും സൗഹൃദമുള്ള സുധീഷിന്റെ മരണം നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല. ബുധനാഴ്ച രാവിലെ 10 മണിക്കായിരുന്നു വിമാനത്തിന്റെ സമയം. ചൊവ്വാഴ്ച രാത്രി 12 മണിക്കുശേഷമാണ് ഇവർ ആനാട്ടുനിന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞിറങ്ങിയത്.

ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ആനാട് നെട്ടറക്കോണത്തെ വീട്ടിൽനിന്ന്‌ ഷൈനിയും കുടുംബവും നെടുന്പാശ്ശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. ബന്ധുക്കളോട് യാത്ര പറഞ്ഞിറങ്ങുമ്പോഴും ഷൈനിയറിഞ്ഞില്ല തന്റെ ഈ യാത്ര ഉറ്റവരുടെയും ബന്ധുക്കളുടെയും ജീവനെടുക്കാനാണെന്ന്. ഷൈനിക്ക്‌ നഷ്ടമായത് ഭർത്താവ് സുധീഷ് ലാൽ(37), ഏകമകൻ നിരഞ്ജൻ (അമ്പാടി-12), ഷൈനിയുടെ സഹോദരൻ ഷൈജു (34), അടുത്തബന്ധു അഭിരാഗ്(27) എന്നിവരെയാണ്.

ഉത്സാഹശാലിയും നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമായിരുന്നു സുധീഷ് ലാൽ. കുടുംബംപോറ്റാനായി ഓട്ടോറിക്ഷ ഓടിച്ചും പെയിന്റിങ് ജോലികൾ ചെയ്തും പണം കണ്ടെത്തിയിരുന്നു. നാലുമാസം മുൻപാണ് ആനാട് ബാങ്ക് ജങ്ഷനിൽ പണിയുപകരണങ്ങൾ വാടകയ്ക്കുകൊടുക്കുന്ന പുണർതം പവർടൂൾസ് എന്ന സ്ഥാപനം ആരംഭിച്ചത്. പകൽസമയം കടയിൽ ഷൈനിയെ ഇരുത്തിയശേഷം സുധീഷ് ജോലിക്ക് പോകുമായിരുന്നു. കുടുംബഓഹരി വീതംവച്ചപ്പോൾ സഹോദരന്റെ ഓഹരികൂടി സുധീഷ് വാങ്ങി. ഇതിൽ വന്ന കടം പരിഹരിക്കാനായി ഉഴമലയ്ക്കലിൽ ഷൈനിയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തി ലോണെടുത്തു. വായ്പത്തുക കൃത്യമായി അടയ്ക്കാനാകാതെ വന്നതോടെ ഇത് നിയമനടപടിയിലെത്തി. കൂടാതെ ആനാട്ടെ സ്വകാര്യസ്ഥാപനത്തിൽനിന്നും പണം കടമെടുത്തിരുന്നു. ഏറെ സങ്കടത്തിലിരിക്കുമ്പോഴാണ് ഷൈനിക്ക്‌ ഒരു ബന്ധുവിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ആശുപത്രിയിൽ ജോലി തരപ്പെട്ടത്. പ്രതീക്ഷകളും മോഹങ്ങളും സഫലമാകുമെന്ന വിശ്വാസത്തിലാണ് ഷൈനി വിദേശത്തേയ്ക്കു പോകാൻ തീരുമാനിച്ചത്. ആ യാത്രയാകട്ടെ അവസാനിച്ചത് കണ്ണീരിലും.

നെടുമങ്ങാട് ദർശന ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് മരിച്ചുപോയ നിരഞ്ജൻ എന്ന വീട്ടുകാരുടെ പ്രിയപ്പെട്ട അമ്പാടി. പഠനത്തിൽ മാത്രമല്ല, കലാകായികരംഗത്തും മികവു തെളിയിച്ചിരുന്ന മിടുക്കനായിരുന്നു നിരഞ്ജനെന്ന് സഹപാഠികളും അധ്യാപകരും പറയുന്നു. അച്ഛനുമമ്മയും മൂന്നുമക്കളും ചേർന്ന് സന്തോഷം നിറഞ്ഞതായിരുന്നു അനീഷ് ഭവൻ എന്ന സുധീഷ് ലാലിന്റെ വീട്. കൂലിപ്പണിയെങ്കിലും കുടുംബത്തിൽ സന്തോഷം മാത്രമായിരുന്നു.

എന്നാൽ, അച്ഛന്റെയും അമ്മയുടെയും അകാലമരണം മൂത്തമകനായിരുന്ന സുധീഷ് ലാലിന് ഉത്തരവാദിത്വവും കരുതലും കൂട്ടി. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയുടെ മരണം. സഹോദരങ്ങളായ ഷിജുലാലിന്റെയും അനൂപിന്റെയും ജീവിതവും സുധീഷ് ലാലിന്റെ ചുമലിലായി. അശ്രാന്തപരിശ്രമങ്ങളായിരുന്നു പിന്നീടുള്ള ജീവിതം.

ചിട്ടിപ്പിരിവ്, ഓട്ടോഡ്രൈവർ, പെയിന്റിങ് എന്നിവയ്ക്കെല്ലാം സുധീഷ് മുന്നിട്ടിറങ്ങി. ഇതിനിടയിലാണ് ഇളയസഹോദരൻ അനൂപ് പ്രണയനൈരാശ്യത്തിൽ ആത്മഹത്യചെയ്തത്. ഇത് സുധീഷിനെ ഏറെ തളർത്തി. അമ്മയുടെ മരണശേഷം ഉഴമലയ്ക്കലുള്ള അച്ഛന്റെ വീട്ടിൽനിന്നാണ് സുധീഷ് വളർന്നത്. ഇതിനടുത്തായിരുന്നു ഷൈനിയുടെയും വീട്. ഇവിടെവച്ചുള്ള സൗഹൃദമാണ് ഇരുവരുടെയും വിവാഹത്തിലേയ്ക്ക് നയിച്ചത്.

14-വർഷം മുൻപായിരുന്നു ഷൈനിയുമായുള്ള വിവാഹം. വെൽഡിങ് തൊഴിലാളികളാണ് ഷൈജുവും അഭിരാഗും. പെയിന്റിങ് തൊഴിലാളിയായ സുധീഷ് ലാലുമായി ചേർന്ന് വീടുപണികളുടെ കരാറും എടുത്ത് ചെയ്തിരുന്നു. ബന്ധുക്കൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കളായിരുന്നു മൂവരും.

Car accident on the way to airport 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment