visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Monkeypox virus
Monkeypox virusPhoto Credit : WHO

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്; രോഗം ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിയായ യുവാവിന്

By - Siju Kuriyedam Sreekumar -- Monday, July 18, 2022 , 04:40 PM
Input from Health Department
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.  രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായിൽനിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു . നേരത്തേ കൊല്ലത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനു പിന്നാലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കുകയും രോ​ഗലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ആരോ​ഗ്യവകുപ്പ് കടന്നിരുന്നു. 

ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ രോഗിക്ക്, നാട്ടിൽ എത്തിയതിനു ശേഷം പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ മുറിയിലാണ് ഇദ്ദേഹത്തിനു ചികിത്സ നൽകുന്നത്.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്സിനേഷൻ നിലവിലുണ്ട്

പ്രതിരോധം
അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

Monkey Pox Tested Positive for Kannur Native
 



LEAVE A REPLY

Security code:

COMMENTS

Be the first to comment