visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Fishermen Protest In front of the Secretariat
Fishermen Protest In front of the SecretariatPhoto Credit : Siju Kuriyedam Sreekumar

സെക്രട്ടേറിയറ്റിന് മുന്നിൽ വള്ളങ്ങൾ റോഡിലിറക്കി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം;പ്രളയം ദുരന്തം വിതച്ചപ്പോൾ രക്ഷിക്കാൻ പോയ മത്സ്യത്തൊഴിലാളികളെ ആര് രക്ഷിക്കും? , കടലിന്റെ മക്കളുടെ പോരാട്ടം കനക്കുമ്പോൾ

By - Siju Kuriyedam Sreekumar -- Wednesday, August 10, 2022 , 01:35 PM
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍. പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വീട് നഷ്ടമാകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം. കഴിഞ്ഞ കുറച്ചു ദിവസമായി സമരം നടത്തിയിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നും മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തി.

നേരത്തെ സെക്രട്ടേറിയറ്റിന് മുമ്പില്‍ വള്ളങ്ങൾ റോഡിലിറക്കി പ്രതിഷേധിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ നീക്കം പൊലീസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ വിഴിഞ്ഞത്തും പൂന്തുറയിലും സമരത്തിനായി എത്തിക്കാന്‍ ശ്രമിച്ച ബോട്ടുകള്‍ പൊലീസ് തടഞ്ഞു. ഒടുവില്‍ ബോട്ടുകള്‍ പൊലീസ് കടത്തിവിടുകയായിരുന്നു.

സമരത്തിന് പിന്തുണയുമായി ലത്തീന്‍ അതിരൂപത പള്ളികളില്‍ ഇടയലേഖനം വായിച്ചിരുന്നു. തീര ശോഷണം ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരം വേണമെന്നും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പ്രദേശിവാസികളെ ഉള്‍പ്പെടുത്തി ശാസ്ത്രീയ പഠനം നടത്തണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി ആകരുത് വികസനമെന്നും തീരദേശവാസികൾ അറബിക്കടലിൽ മുങ്ങിത്താഴുകയാണെന്നും ഇടയലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്.

 തങ്ങളുടെ അവകാശങ്ങൾക്കായി മരിക്കാനും തയാറാണെന്ന് സമരത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണത്തിന് എതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തിൽ നിറയുന്നത് കണ്ണീർ കൂടിയാണ്. കടലാക്രമണത്തിൽ നഷ്ടമായ വീടുകൾക്കു പകരം വീടു ലഭിക്കണം. വിഴിഞ്ഞം തുറമുഖത്തിനായുള്ള കല്ലിടൽ നിർത്തിവയ്ക്കണം. ഇതു സൂചനാ സമരം മാത്രമാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കും. വീടു നഷ്ടപ്പെട്ട് നാലു വർഷമായി തെരുവിലാണ് ജീവിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ഓരോ വർഷവും സർക്കാർ വാഗ്ദാനം നൽകും. 4 വർഷമായി ഒരു കാര്യവും സർക്കാർ നൽകിയില്ല. പ്രളയ ദുരന്തം വന്നപ്പോൾ ആളുകളെ രക്ഷിക്കാൻ പോയത് മത്സ്യത്തൊഴിലാളികളാണ്. ആ മത്സ്യത്തൊഴിലാളികളെ ആരു രക്ഷിക്കുമെന്നു പ്രതിഷേധക്കാർ ചോദിച്ചു. കടലാക്രമണത്തിൽ വീടു നഷ്ടമായതിനെ തുടർന്ന് പ്രായപൂർത്തിയായ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഫുഡ് കോർപറേഷന്റെ ഗോഡൗണിലുള്ള ക്യാംപുകളിൽ കഴിയുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണത്തിന് എതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബോട്ടുകളുമായാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സെക്രട്ടേറിയറ്റ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ജില്ലയിൽ പലയിടത്തും സംഘർഷമുണ്ടായി.

പിന്നീട് പൊലീസ് നിലപാട് മയപ്പെടുത്തിയതോടെ ഇവർ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. തിരുവല്ലം, ഈഞ്ചയ്ക്കൽ, ജനറൽ ആശുപത്രി ജംക്‌ഷൻ, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായി എത്തിയ വാഹനങ്ങൾ പൊലീസ് തടഞ്ഞത്. തുടർന്ന്, നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ സെക്രട്ടേറിയറ്റ് ഭാഗത്തേക്കു കടത്തിവിടാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.

സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും തടഞ്ഞാൽ സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും സമര നേതാക്കൾ പറഞ്ഞു. വാഹനങ്ങൾ കടത്തി വിടാത്തതിനെ തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. പൊലീസ് പ്രതിഷേധത്തിനിടയിലും വള്ളങ്ങൾ കയറ്റിയ ചില വാഹനങ്ങൾ സമര കേന്ദ്രമായ മ്യൂസിയം ജംക്‌ഷനിലേക്കെത്തി. നിരവധി വൈദികരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

തീരശോഷണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഏറെ നാളായി പ്രതിഷേധ സമരത്തിലാണ്. കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനരധിവാസം സർക്കാർ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. പൊഴിയൂർ മുതൽ വർക്കല വരെയുള്ളവരും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലുള്ളവരും പട്ടിണിയിലാണെന്നു ലത്തീൻ അതിരൂപത പ്രതിനിധികൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ചാവക്കാടും മത്സ്യബന്ധനത്തിനുപോയ അഞ്ചു മത്സ്യത്തൊഴിലാളികൾ മരിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം കാരണം പനത്തുറ മുതൽ വേളിവരെ കടൽത്തീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകൾ നഷ്ടമായതായി ജനറൽ കൺവീനർ മോൺ യൂജിൻ എച്ച്.പെരേര പറഞ്ഞു.

2018 മുതൽ മൂന്നൂറോളം കുടുംബങ്ങൾ ഫുഡ് കോർപറേഷന്റെ ക്യാംപിലും സ്കൂൾ വരാന്തയിലുമാണ്. ഭരണസിരാകേന്ദ്രത്തിൽനിന്ന് 6 കിലോമീറ്റർ അകലെയുള്ള ക്യാംപുകൾ സന്ദർശിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ലത്തീൻ അതിരൂപത പ്രതിനിധികൾ പറഞ്ഞു. തീര സംരക്ഷണ സമരത്തിനു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ഡോ.എം.സൂസപാക്യം ഉദ്ഘാടനം ചെയ്യും.

Fishermen Protest In front of the Secretariat
Fishermen Protest In front of the SecretariatPhoto Credit : Siju Kuriyedam Sreekumar

In front of the Secretariat, the fishermen protested by putting their boats on the road


 



LEAVE A REPLY

Security code:

COMMENTS

Be the first to comment