visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Guideline

Home / Health/ Guideline
Covid Vaccine
Covid VaccinePhoto Credit : Siju Kuriyedam Sreekumar

തിങ്കളാഴ്ച ആരംഭിക്കുന്ന 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമായി

By - Siju Kuriyedam Sreekumar -- Sunday, January 02, 2022 , 06:09 PM
തിങ്കളാഴ്ച ആരംഭിക്കുന്ന 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമായി. വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. കേന്ദ്രങ്ങള്‍ മാറിപ്പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണം. ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും  അഭ്യര്‍ത്ഥിക്കുന്നു. 

     സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കഴിവതും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം വാക്‌സിനെടുക്കാന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുക. അവരവര്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തെറ്റുകൂടാതെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാക്‌സിനേഷന് ശേഷം കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആദ്യ ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കോവിഡ് വന്നിട്ടുള്ള കുട്ടികള്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതിയാകും.

       ഭക്ഷണം കഴിച്ചതിന് ശേഷം വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുക. ഒമിക്രോണ്‍ സാഹചര്യത്തില്‍ കുടിക്കാനുള്ള വെള്ളം അവരവര്‍ കരുതുന്നതാണ് നല്ലത്. ആധാര്‍ കാര്‍ഡോ, ആധാറില്ലെങ്കില്‍ സ്‌കൂള്‍ ഐഡി കാര്‍ഡോ മറക്കാതെ കൊണ്ട് വരേണ്ടതാണ്. രജിസ്‌ട്രേഷന്‍ ചെയ്ത സമയത്തെ ഫോണ്‍ നമ്പരും കരുതണം. കോവാക്‌സിന്‍ നല്‍കുന്ന കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രമാണെന്ന് ഉറപ്പ് വരുത്തുക. ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. കുട്ടികളായതിനാല്‍ സമയമെടുത്തായിരിക്കും വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. കൂടെ വരുന്ന രക്ഷാകര്‍ത്താക്കളും തിരക്ക് കൂട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ മെസേജോ പ്രിന്റൗട്ടോ നല്‍കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ കുട്ടിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമാകും. ആധാറോ, സ്‌കൂള്‍ ഐഡിയോ കാണിച്ച് വന്നയാള്‍ ആ കുട്ടിതന്നെയെന്ന് ഉറപ്പാക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സൂപ്പര്‍വൈസറും വാക്‌സിനേറ്ററും ഉണ്ടാകും. കുട്ടിക്ക് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജിയോ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വാക്‌സിനേഷന്‍ സ്ഥലത്തേക്ക് വിടുന്നു. ഒരിക്കല്‍ക്കൂടി വാക്‌സിനേറ്റര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച ശേഷം വാക്‌സിന്‍ നല്‍കുന്നു. വാക്‌സിന്‍ നല്‍കിയ ശേഷം കുട്ടികളെ അര മണിക്കൂര്‍ നിരീക്ഷിക്കുന്നതാണ്. മറ്റ് ബുദ്ധിമുട്ടലുകളില്ലെന്ന് ഉറപ്പ് വരുത്തി അവരെ വിടുന്നു.
വാക്‌സിന്റെ ലഭ്യതയനുസരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 65,000ത്തോളം ഡോസ് കോ വാക്‌സിന്‍ സംസ്ഥാനത്ത് ലഭ്യമാണ്. കുട്ടികളുടെ വാക്‌സിനേഷനായി 5 ലക്ഷത്തോളം ഡോസ് കോവാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചുവെങ്കിലും ഇന്ന് രാത്രിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാക്‌സിന്‍ എത്തുന്നതോട് കൂടി എല്ലാ കേന്ദ്രങ്ങളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനാകും. കുട്ടികളുടെ വാക്‌സിനേഷന്‍ സുഗമമാക്കുന്നതിന് എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Covid Vaccine for kid age group 15 to 18 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment