visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Mark Zuckerberg
Mark ZuckerbergPhoto Credit : SMP

ഗതികെട്ട് വാട്സാപ് വിൽക്കാൻ ശ്രമം ; അംബാനി വാങ്ങുമോ? ഇനി ഉപയോ​ഗിക്കാൻ പണം നൽകേണ്ടി വരും

By - Siju Kuriyedam Sreekumar -- Thursday, July 28, 2022 , 05:49 PM
ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ് വിൽക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. വാട്സാപ് വിൽക്കുകയോ മാസവരി ഏർപ്പെടുത്തുകയോ ചെയ്യുന്ന കാര്യമാണ് മെറ്റ കമ്പനി പരി​ഗണിക്കുന്നതെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നു. ഫെയ്‌സ്ബുക് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങിയേക്കാമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മാർക്ക് സക്കർബർഗ് വാട്‌സാപ് വിൽക്കാനൊരുങ്ങുന്നു എന്ന വാർത്ത പ്രചരിക്കുന്നത്.

2009 ലാണ് ബ്രയൻ ആക്ടണും ജാൻ കോമും ചേർന്ന് എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആപ്പായി വാട്‌സാപ് തുടങ്ങുന്നത്. ഈ ആപ്പിന് തുടക്കത്തിൽ മാസവരി ഉണ്ടായിരുന്നു – പ്രതിമാസം 99 സെന്റ്‌സ്. സ്ഥാപകർ വരിസംഖ്യ ഈടാക്കാൻ കാരണം പരസ്യങ്ങൾ വേണ്ട എന്ന നിലപാടായിരുന്നു. ആപ് ഫെയ്സ്ബുക് വാങ്ങിയപ്പോൾ സ്ഥാപകരും മികച്ച ശമ്പളത്തിന് അവിടെ ജോലിക്ക് എത്തുകയുമുണ്ടായി.

എന്നാൽ, ഫെയ്‌സ്ബുക് വാട്‌സാപ്പിൽ പരസ്യങ്ങൾ കൊണ്ടുവരുന്ന കാര്യം പരിഗണിച്ചതോടെ സ്ഥാപകർ ഓരോരുത്തരായി കമ്പനിയിൽനിന്നു പടിയിറങ്ങി. പക്ഷേ, 2020ൽ വാട്‌സാപ് ഈ തീരുമാനത്തിൽനിന്നു പിന്നോട്ടു പോയി. പകരം ബിസിനസ് സ്ഥാപനങ്ങൾക്കായി വാട്‌സാപ് പ്രവർത്തിപ്പിച്ച് അതിൽനിന്നു ലാഭമുണ്ടാക്കാമെന്ന ആശയം അവതരിപ്പിച്ചു. സാധാരണ ഉപയോക്താക്കൾക്ക് വാട്‌സാപ് ഫ്രീയായി തന്നെ ഉപയോഗിക്കാൻ അനുമതിയും നൽകി.

എന്നാലിപ്പോൾ സക്കർബർഗിന് മുന്നിൽ രണ്ട് മാർ​ഗങ്ങളേയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്നുകിൽ ഈ ആപ്പ് വിൽക്കുക, അല്ലെങ്കിൽ ഉപഭോക്താക്കളിൽ നിന്നും മാസവരി ഈടാക്കുക. വിറ്റാലും വാട്സാപിന് പുതിയ ഉടമകൾ മാസവരി ഏർപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.

കാര്യമായ വരുമാനമൊന്നും ഇല്ലാത്ത വാട്‌സാപ്പിന് ഓഹരികളിറക്കാനുള്ള സാധ്യതയും കുറവാണ്. അതേസമയം, ഒരു സ്വകാര്യ കൺസോർഷ്യത്തിന് വാട്‌സാപ് വിൽക്കാനുള്ള സാധ്യതയായിരിക്കും മെറ്റാ പരിഗണിക്കുക. അല്ലെങ്കിൽ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്. തങ്ങൾക്കും ഒരു മെസേജിങ് ആപ് വേണമെന്ന് മൈക്രോസോഫ്റ്റ് കുറച്ചുകാലമായി പറയുന്നു. ടിക്‌ടോക് ഏറ്റെടുക്കാനായി മൈക്രോസോഫ്റ്റ് ശ്രമിച്ചതുമാണ്. സോഫ്റ്റ്ബാങ്ക് വാട്‌സാപ് വാങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നു. വാട്‌സാപ്പിനെ റിലയൻസിന്റെ ജിയോ മാർട്ടിന്റെ സൂപ്പർ ആപ്പാക്കാൻ ഒരു ശ്രമം ഉണ്ടായിരുന്നു. ഫെയ്‌സ്ബുക് വാട്‌സാപ് വിറ്റാൽ അത് റിലയൻസ് ഉടമ മുകേഷ് അംബാനിക്കും അതൊരു അടിയായിരിക്കും. അംബാനി വാട്‌സാപ് ഏറ്റെടുക്കാനുള്ള സാധ്യത ഉണ്ടോ എന്ന കാര്യവും ഇപ്പോൾ അപ്രവചനീയമാണ്.

അതേസമയം, ഏതു കമ്പനി ഏറ്റെടുത്താലും വരിസംഖ്യ ഏർപ്പെടുത്താനുള്ള സാധ്യത ഉണ്ട്. പ്രതിമാസം 50-100 രൂപ വരെ ഇട്ടേക്കാം. ഇങ്ങനെ വരിസംഖ്യ ഇട്ടാൽ എത്രപേർ ഇന്ത്യയിലൊക്കെ തുടർന്ന് വാട്‌സാപ് ഉപയോഗിക്കുമെന്നുള്ള കാര്യം കണ്ടറിയണം. മറ്റൊരു പ്രധാന കാര്യം വാട്‌സാപ്പിന് ഉപയോക്താക്കൾ കൂടുതലുള്ളത് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലാണ്. അമേരിക്കയിൽ ആപ്പിളിന്റെ ഐമെസേജ് ആണ് ആധിപത്യം. ആപ്പിളിന്റെ കുത്തക തകർക്കാൻ ഫെയ്‌സ്ബുക്കിന് സാധിച്ചില്ല. വരിസംഖ്യ ഇടാനുള്ള സാധ്യത ഉണ്ടെങ്കിലും അത് വാട്‌സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം കുത്തനെ കുറയാൻ ഇടവരുത്തിയേക്കും. മറ്റൊരു സാധ്യത പരസ്യങ്ങൾ കാണിക്കുക എന്നതാണ്.

അമേരിക്കയും യൂറോപ്യൻ യൂണിയനും അടക്കമുള്ള മേഖലകൾ പ്രധാന സന്ദേശ കൈമാറ്റ ആപ്പുകളെല്ലാം ഒരാൾ നിയന്ത്രിക്കുന്നതിനെതിരെ താമസിയാതെ നിലപാട് എടുക്കാനുള്ള സാധ്യതയും ഉണ്ട്. ഷോർട്ട് വിഡിയോ കൈമാറുന്ന ആപ്പായ ടിക്‌ടോക്കിന്റെ അപ്രതീക്ഷിത മുന്നേറ്റവും സക്കർബർഗിനെ വിറപ്പിച്ചു. ഫെയ്‌സ്ബുക്കിന്റെ വളർച്ച പോലും മുരടിച്ചു. ഇതു കൂടാതെ ഫെയ്‌സ്ബുക് ഇനി മെറ്റാവേഴ്‌സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതും വാട്‌സാപ്പിനെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്കു നയിച്ചേക്കാം. പക്ഷേ, അതിനെല്ലാം പുറമെ പണത്തിന്റെ കളികളും വാട്‌സാപ് വിൽക്കാൻ സക്കർബർഗിനെ പ്രേരിപ്പിച്ചേക്കാം എന്നാണ് മനസ്സിലാകുന്നത്.

വാട്‌സാപ്പിൽനിന്ന് വരുമാനം ചില്ലിക്കാശ്

കമ്പനി 2014ൽ 1900 കോടി ഡോളർ നൽകി വാങ്ങിയതാണ് വാട്‌സാപ്. അതിനു മുൻപ് 2012ൽ സക്കർബർഗ് വാങ്ങിയ ആപ്പാണ് ഇൻസ്റ്റഗ്രാം. അത് സ്വന്തമാക്കാൻ ഫെയ്‌സ്ബുക് നൽകിയത് 100 കോടി ഡോളറാണ്. അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാം 2019ൽ മാത്രം ഫെയ്‌സ്ബുക് ഗ്രൂപ്പിന് സമ്മാനിച്ചിരിക്കുന്നത് 1900 കോടി ഡോളറിന്റെ വരുമാനമാണ്. മറിച്ച് വാട്‌സാപ്പിൽ നിന്നുള്ള വരുമാനം വളരെക്കുറവാണ്. വാട്‌സാപ് വാങ്ങി 8 വർഷത്തിനു ശേഷവും സക്കർബർഗിന് അതിനെ ലാഭത്തിലാക്കാൻ സാധിച്ചിട്ടില്ലെന്നുള്ളത് ആശ്ചര്യമുളവാക്കുന്ന കാര്യമാണെന്ന് ബ്ലൂംബർഗ് നിരീക്ഷിക്കുന്നു. ഇപ്പോൾ ഫെയ്‌സ്ബുക്കിന്റെ വരുമാനത്തിൽനിന്ന് കയ്യിട്ടുവാരി പ്രവർത്തിക്കുന്ന ആപ്പാണ് വട്‌സാപ്.

മെറ്റാവേഴ്‌സിലേക്കുള്ള മാറ്റം

തങ്ങളുടെ ബിസിനസിൽ വാട്‌സാപ്പിനെ കേന്ദ്ര സ്ഥാനത്തു നിർത്തിയുള്ള മാറ്റങ്ങളാണ് ഫെയ്‌സ്ബുക് നടത്താൻ പോകുന്നത് എന്ന സൂചനയാണ് 2021ൽ മേധാവി സക്കർബർഗ് നൽകിയത്. സ്വകാര്യതയ്ക്ക് ഊന്നൽ നൽകിയുള്ള സന്ദേശക്കൈമാറ്റ രീതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം അന്ന് വാചാലനായിരുന്നു. എന്നാൽ, കേവലം ഏഴു മാസത്തിനുള്ളിൽ കമ്പനി പുതിയ പാതയിലേക്ക് ചാഞ്ഞു-മെറ്റാവേഴ്‌സ്. ഇന്റർനെറ്റിന്റെ അടുത്ത അധ്യായമാണ് മെറ്റാവേഴ്‌സ് എന്ന് സക്കർബർഗ് കരുതുന്നു. അതിലുള്ള തന്റെ ശ്രദ്ധ തെറ്റാതിരിക്കാനായി. താൻ സ്ഥാപിച്ച ഫെയ്‌സ്ബുക് കമ്പനിയുടെ പേര് മെറ്റാ എന്നാക്കി മാറ്റുക പോലും ചെയ്തിരിക്കുകയാണ് സക്കർബർഗ്. കമ്പനിയുടെ പേരുമാറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിനു ശേഷം വാട്‌സാപ്പിനെക്കുറിച്ച് സക്കർബർഗ് മാധ്യമങ്ങളോട് എടുത്തു പറയത്തക്ക ഒരു പരമർശമേ നടത്തിയിട്ടുളളു എന്നതും ശ്രദ്ധേയമാണ്.

വാട്‌സാപ് എന്ന ബലിമൃഗം

പ്രധാനപ്പെട്ട സന്ദേശക്കൈമാറ്റ ആപ്പുകൾ കൈവശപ്പെടുത്തിവച്ചിരിക്കുന്നു എന്ന കാരണത്താൽ താൻ വിവിധ സർക്കാരുകളുടെ നോട്ടപ്പുള്ളിയാണെന്നും സക്കർബർഗിന് വ്യക്തമായി അറിയാം. എന്നാൽ പിന്നെ, ലാഭമുണ്ടാക്കാത്ത ബിസിനസായ വാട്‌സാപ്പിനെ ബലികൊടുത്ത് മുന്നോട്ടുപോയിക്കൂടെ എന്ന ചിന്ത സക്കർബർഗിനെ പിടികൂടിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അമേരിക്കയിൽ താമസിയാതെ തനിക്കെതിരെ വന്നേക്കാവുന്ന ആന്റിട്രസ്റ്റ് നീക്കത്തിന്റെ മുനയൊടിക്കാനും ഇത്തരം ഒരു നീക്കത്തിനു സാധ്യമായേക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. വാട്‌സാപ്പിൽനിന്ന് സക്കർബർഗ് ശ്രദ്ധ മാറ്റിയതിനു പിന്നിലെ പ്രധാന കാരണം അതു തന്നെയായിരിക്കാമെന്നും പറയപ്പെടുന്നു.

സന്ദേശക്കൈമാറ്റ ആപ്പുകളിൽനിന്ന് വരുമാനം ലഭിക്കില്ലേ?

ചൈനയിൽ ടെൻസന്റ് കമ്പനി നടത്തുന്ന വീചാറ്റ് ആപ്പിൽ നിന്ന് 2022 ജൂണിൽ മാത്രം 50 കോടി ഡോളറിലേറെ ലഭിച്ചുവെന്ന് മാർക്കറ്റ് വിശകലന കമ്പനിയായ സെൻസർ ടവർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പണമടയ്ക്കൽ, പരസ്യം, ഗെയിം മേഖലയുമായി ബന്ധിപ്പിക്കാനുള്ള ഉപാധി തുടങ്ങിയ വഴികളിലാണ് വീചാറ്റ് പൈസ കൊയ്യുന്നത്.

സക്കർബർഗ് വാട്‌സാപ് വാങ്ങിയത് അത് പ്രവർത്തിപ്പിച്ച് ലാഭമുണ്ടാക്കിയേക്കാമെന്നു കരുതി ആയിരുന്നില്ല. വാട്‌സാപ് തന്റെ അരുമക്കുഞ്ഞായ ഫെയ്‌സ്ബുക്കിന് ഭീഷണിയായിത്തീരാമെന്നു കണ്ടതോടെയാണ് അതു വാങ്ങാൻ സക്കർബർഗ് തീരുമാനിച്ചത്. ഫെയ്‌സ്ബുക്കിനോട് മത്സരിക്കുന്നത് ഒഴിവാക്കുക എന്ന പ്രാഥമിക ലക്ഷ്യമായിരുന്നു സക്കർബർഗിന്റെ മനസ്സിൽ. ഫെയ്‌സ്ബുക്കിനെതിരെ അമേരിക്കയിലെ ഫെഡറൽ ട്രേഡ് കമ്മിഷൻ ഇപ്പോൾ നടത്തിവരുന്ന അന്വേഷണത്തിൽ ഇതിനുള്ള തെളിവുകളും ശേഖരിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ടുകളുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ഭീഷണി ഒഴിവാക്കുക എന്ന ഒരു ലക്ഷ്യമൊഴികെ മറ്റൊന്നും ഇല്ലാതെ ഫെയ്‌സ്ബുക് വാങ്ങിച്ച ആപ്പാണ് വാട്‌സാപ്.

ഇൻസ്റ്റയും വിറ്റൊഴിപ്പിക്കാൻ എഫ്ടിസി

സന്ദേശക്കൈമാറ്റ കുത്തക ആയിത്തീർന്ന മെറ്റാ കമ്പനിയിൽനിന്ന് വാട്‌സാപ് മാത്രമല്ല ഇൻസ്റ്റഗ്രാമും ബലമായി വിൽപ്പിക്കാനുള്ള നീക്കങ്ങളാണ് എഫ്ടിസി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ആപ്പുകൾ പരസ്പരം മത്സരിക്കുന്നതാണ് എല്ലാത്തരത്തിലും നല്ലത്. അല്ലാതെ അവയെല്ലാം ഒരാൾ കൈവശപ്പെടുത്തിവച്ചാൽ പുതിയ ഫീച്ചറുകളും ആശയങ്ങളും വരുന്നത് കുറയും. ഏറ്റെടുത്ത രണ്ടു കമ്പനികളും വിൽക്കുന്നതിനു പകരം ഒരെണ്ണം വിറ്റാൽ പ്രശ്‌നം പരിഹരിക്കാനാകുമോ എന്നാണ് ഇപ്പോൾ മെറ്റായുടെ അഭിഭാഷകർ ആരായുന്നതെന്നും പറയപ്പെടുന്നു. അങ്ങനെ പറ്റുമെങ്കിൽ ഏതു കമ്പനി ആയിരിക്കും വിൽക്കുക എന്ന് ഇനി പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

ഫെയ്‌സ്ബുക് തങ്ങളുടെ ബിസിനസിന്റെ കേന്ദ്ര സ്ഥാനത്തു നിർത്താൻ ഉദ്ദേശിച്ചിരുന്ന ആപ് എന്ന നിലയിൽ നിന്ന് വിറ്റൊഴിവാകാൻ ഒരുങ്ങുന്ന ആപ് എന്ന നിലയിൽ വാടസാപ്പിന്റെ മാറ്റം ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ടെക്‌നോളജി മേഖലയിൽ ഏതു സമയത്തും കാര്യങ്ങൾമാറി മറിയാം.

Mark Zuckerberg planning to sell Whatsapp

 



LEAVE A REPLY

Security code:

COMMENTS

Be the first to comment