visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Articles

Home / Sports/ Articles
Mirabai Chanu
Mirabai ChanuPhoto Credit : Commonwealth Games Site

ഭാരോദ്വഹനത്തിലെ പരിശീലനം തുടങ്ങിയത് വിറക് പെറുക്കി; പാത വെട്ടിത്തെളിച്ച് മുന്നേറുമ്പോൾ പരിക്ക് പലപ്പോഴും വില്ലനായി; വിമർശനങ്ങളിൽ നിന്ന് ഉയർത്തെഴുന്നേറ്റത് രാജ്യത്തിന്റെ ‘ഉറച്ച മെഡൽ പ്രതീക്ഷ’കളിലേക്ക്

By - Siju Kuriyedam Sreekumar -- Sunday, July 31, 2022 , 07:14 PM
സ്കൂളിൽ പഠിക്കുമ്പോൾ അമ്പെയ്ത്തു താരമാകാനായിരുന്നു മീരാഭായ് ചാനുവിന്റെ മോഹം. എന്നാൽ ചാനുവിനായി കാലം കാത്തുവച്ചതു മറ്റൊന്നായിരുന്നു! 14–ാം വയസ്സിൽ ഭാരോദ്വഹനവുമായി പ്രണയത്തിലായതാണു കരിയറിലെ നിർണായക വഴിത്തിരിവ്. ഇംഫാലിലെ സർക്കാർ കോച്ചിങ് കേന്ദ്രത്തിൽ പ്രവേശനം നേടിയതോടെ തുടങ്ങുന്നു മീരാഭായ് ചാനുവിന്റെ ‘ഭാരോദ്വഹന ചരിത്രം.’

മീരബായി ചാനുവിന് ഭാരോദ്വഹനത്തോട് അത്ര താൽപ്പര്യമൊന്നും ചെറുപ്പത്തിൽ ഇല്ലായിരുന്നു. പൊടി പറ്റുന്ന കളികളിൽ ഏർപ്പെടാത്ത ചാനുവിന് ഒരു അമ്പെയ്ത്തുകാരിയാകണം എന്നായിരുന്നു ആഗ്രഹം. അതിൽ ഉറച്ച് സായി സെലക്ഷനായി പതിമൂന്നാമത്തെ വയസിൽ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ എത്തി. ചാനു അന്നെ മനസിൽ ഉറപ്പിച്ചിരുന്നു സ്പോർടാണ് തൻറെ ഭാവി. എന്നാൽ ഇംഫാലിൽ എത്തിയതോടെ അമ്പെയ്ത്ത് എന്ന സ്വപ്നം പൊലിഞ്ഞു. അവിടുത്തെ സായി കേന്ദ്രത്തിൽ അതിനുള്ള പരിശീലനമില്ല. നിരാശയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചാനു ചെയ്തത്.

ആ സമയത്താണ് അന്നത്തെ മണിപ്പൂരിൻറെ ഹീറോയായിരുന്ന ഭാരോദ്വഹന താരം കുഞ്ചറാണിയെക്കുറിച്ചുള്ള ഒരു വീഡിയോ ചാനു കാണാൻ ഇടയായത്. ഇത് ശരിക്കും അവരിലെ ഭാരോദ്വഹകയെ പ്രചോദിപ്പിച്ചു. വീണ്ടും ഇംഫാലിൽ തിരിച്ചെത്തി. നേരെപോയി സന്ദർശിച്ചത് അന്ന് ഇന്ത്യൻ താരമായിരുന്ന അനിത ചാനുവിനെ, അവരായിരുന്നു പിന്നീട് ചാനുവിൻറെ കരിയറിലെ വിലയേറിയ ഉപദേശങ്ങൾ നൽകിയത്.

കുട്ടിയായിരിക്കുമ്പോൾ വനത്തിനുള്ളിൽനിന്നു വിറകുപെറുക്കിയാണു മീര ഭാരോദ്വഹനത്തിലെ ‘പരിശീലനം’ തുടങ്ങിയതെന്നാണു സഹോദരൻ ബയോന്ത മീട്ടെ പറയുന്നത്. ‘മീര പച്ചക്കറി ധാരാളമായി കഴിക്കുമായിരുന്നു. വീട്ടിലേക്ക് ആവശ്യമുള്ള പഴങ്ങളും വിറകും മറ്റും ശേഖരിക്കാൻ മീരയും ഞങ്ങൾക്കൊപ്പം വനത്തിലേക്കു വരാറുണ്ടായിരുന്നു. വലുതായപ്പോഴും ഇതു തുടർന്നു. എന്നാൽ ചെറിയൊരു വ്യത്യാസം ഉണ്ടായിരുന്നു. മറ്റാർക്കും എടുത്തുപൊക്കാനാകാത്തത്ര ഭാരമുള്ള വിറകുകഷണങ്ങൾ അവളാണ് എടുത്തു പൊക്കി വീട്ടിൽ എത്തിച്ചിരുന്നത്.

എല്ലാ ദിവസവും 20 കിലോമീറ്റർ ദൂരം താണ്ടിയാണു ചാനു ഇംഫാലിലെ പരിശീലന സെഷനുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. 2009ലായിരുന്നു ആദ്യ ദേശീയ ചാംപ്യൻഷിപ് നേട്ടം. 2012ൽ ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ്പിൽ പങ്കെടുത്തതോടെ രാജ്യാന്തര പകിട്ടിലേക്ക്. കഴി‍ഞ്ഞ തവണത്തെ റിയോ ഒളിംപിക്സിലും 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഏറെ മെഡൽ സാധ്യത കൽപിക്കപ്പെട്ടിരുന്ന താരമായിരുന്നെങ്കിലും മികവിലേക്ക് ഉയരാനായില്ല. വെറും കയ്യോടെയായി ബ്രസീലിൽനിന്നുള്ള മടക്കം.

ടോക്കിയോയിലെ വെള്ളിത്തിളക്കത്തിലേക്കുള്ള യാത്ര കഷ്ടപ്പാടുകളും, പ്രാരാബ്ദ്ധങ്ങളും നിറഞ്ഞ കാലത്ത് നിന്നും ഈ രംഗത്തേക്ക് എത്തിപ്പെട്ടതിനേക്കാൾ കഠിനമേറിയതാണെന്ന് ചാനുവിൻറെ കരിയർ പരിശോധിച്ചാൽ മനസിലാകും. 2014ലെ ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിലെ മിന്നുംപ്രകടനമാണ് ചാനുവിനെ രാജ്യമെങ്ങും കേളികേട്ട താരമാക്കിയത്. ഇതോടെ 2016 റിയോ ഒളിംപിക്സിൽ ഇന്ത്യ മെഡലെന്ന് ഉറപ്പിച്ച് അയച്ച താരം ചാനുവായിരുന്നു. എന്നാൽ റിയോയിൽ സംഭവിച്ചത് ചാനു മറക്കാൻ ആഗ്രഹിക്കുന്ന ദുരന്തമായിരുന്നു.

സെലക്ഷൻ ട്രയലിൽ നടത്തിയ പ്രകടനം പോലും നടത്താൻ സാധിക്കാതെയാണ് ചാനു റിയോ വിട്ടത്. അതിന് പിന്നാലെ ദേശീയ മാധ്യമങ്ങൾ അടക്കം ഈ മണിപ്പൂരുകാരിക്കെതിരെ വിമർശനം ഉന്നയിച്ചു. എന്നാൽ വിമർശനത്തിനെ അതിൻറെ വഴിക്ക് വിട്ട് തൻറെ വഴി ടോക്കിയോ ആണെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് ചാനു പുറത്തെടുത്തത്. അടുത്തവർഷം യുഎസിൽ നടന്ന ലോകചാമ്പ്യൻഷിപ്പ്, 2018 കോമൺവെൽത്ത് ഗെയിംസ് എന്നിവിടങ്ങളിൽ സ്വർണ്ണ പ്രകടനം താരം പുറത്തെടുത്തു.

ടോക്കിയോയിലേക്കുള്ള പാത വെട്ടിത്തെളിച്ച് മുന്നേറുമ്പോൾ തന്നെ പരിക്ക് വില്ലനായി പലപ്പോഴും ചാനുവിൻറെ കരിയർ തടസ്സപ്പെടുത്തി. നടുവേദന വില്ലനായപ്പോൾ ചാനു തൻറെ ഇഷ്ടവിഭാഗമായ 48 കിലോ ഗ്രാം വിഭാഗം ഉപേക്ഷിച്ച് 49 കിലോഗ്രാം വിഭാഗത്തിലേക്ക് മാറി. അതിനിടയിൽ പരിക്ക് വീണ്ടും പിന്തുടർന്നപ്പോൾ അമേരിക്കയിലെ പ്രശസ്‌തനായ സ്പോർട്സ് ഫിസിയോ ഡോ. ആരൺ ഹോഷിഫിന് കീഴിൽ ചികിൽസയും തേടിയിരുന്നു ചാനു. ഈ ചികിൽസയ്ക്ക് ശേഷം ഒരു കൊടുങ്കാറ്റായി ചാനുവിൻറെ തിരിച്ചുവരവാണ് കണ്ടത്. ലോകറെക്കോഡ് തിരുത്തി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം.

എന്നാൽ പിറ്റേ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിലെ സ്വർണ മെഡൽ നേട്ടത്തോടെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർന്ന ചാനു 2018ൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും സുവർണ നേട്ടം ആവർത്തിച്ചുതോടെ ഫേവറിറ്റായിത്തന്നെയാണു ഒളിംപിക്സിനെത്തിയത്. സ്നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയും അടക്കം 202 കിലോഗ്രം ഭാരം ഉയർത്തി 26 കാരിയായ ചാനു വെള്ളി മെഡൽ കൈപ്പിടിയിലൊതുക്കിയതു കുടുംബാംഗങ്ങളും സുഹൃത്തുക്കളും മണിപ്പൂരിലെ വീട്ടിൽ ശ്വാസം അടക്കിപ്പിടിച്ചിരുന്നാണു കണ്ടത്. ഫലപ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തിനൊപ്പം ചാനുവിന്റെ മണിപ്പൂരിലെ വീടും ആഘോഷത്തിലായി. രാജ്യത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡും (2018) മീരാഭായ് ചാനു നേടിയിട്ടുണ്ട്.

മിന്നും മീരാഭായി

ബർമിങ്ങാമിൽ നടന്നു കൊണ്ടിരിക്കുന്ന ഇരുപത്തിരണ്ടാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം നേടികൊടുത്ത് മീരാഭായി വീണ്ടും ഉയരങ്ങളിലേക്ക് …. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്ക് ഗെയിംസിലെ ആദ്യ സ്വർണം സമ്മാനിച്ചത്. ആകെ 201 കിലോ ഉയർത്തിയാണ് താരത്തിന്റെ മെഡൽ നേട്ടം. ഇതോടെ ഈ വിഭാഗത്തിലെ ഗെയിംസ് റെക്കോർഡും മീരാഭായ് ചാനുവിന്റെ പേരിലായി.ഗെയിംസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു ഏറെ അനായാസമാണ് ഒന്നാമതെത്തിയത്. സ്നാച്ചിൽ 88 കിലോയും, ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോയുമാണ് താരം ഉയർത്തിയത്. ടോക്കിയോ ഒളിമ്പിക്സിൽ ഈ വിഭാഗത്തിലെ വെള്ളിമെഡൽ ജേതാവാണ് മീരാഭായ് ചാനു.പ്രതീക്ഷിച്ച നേട്ടം തന്നെയായിരുന്നു ബർമിങ്ങാമിൽ മീരാഭായ് ചാനു കൈവരിച്ചതെങ്കിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് നേടിയ ഈ നേട്ടത്തിന് അല്പം മധുരം കൂടുതലായിരുന്നു.
Mirabai Chanu
Mirabai ChanuPhoto Credit : Commonwealth Games Site

Story abot Chanu Saikhom Mirabai
 



LEAVE A REPLY

Security code:

COMMENTS

Be the first to comment