visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Malayalam

Home / Nature/ Malayalam
World-Environment-Day vijayan
World-Environment-Day vijayan

പരിതസ്ഥിതി - എന്റെ പ്രകൃതി സ്നേഹം

By - Vijayan Kuriyedath -- Saturday, June 05, 2021 , 07:59 PM


പരിതസ്ഥിതി



ചീവീടുകളുടെ കൂട്ടക്കരച്ചിൽ ശബ്ദം കേട്ട് ഞെട്ടിയുണർന്ന ഞാൻ ശബ്ദം വീടിനകത്ത് നിന്നും ആണെന്ന് തിരിച്ചറിഞ്ഞു.അല്ല ... അത് എന്റെ തൊട്ടടുത്ത് നിന്ന് തന്നെ ആണ്.സംഭ്രമവിഹ്വലനായി ഞാൻ മെത്തയിൽ ഒന്ന് പരതി നോക്കി.

ആശ്വാസമായി.. അത് ചീവിടുകളുടെ ശബ്ദമായിരുന്നില്ല.മൊബൈൽ ഫോണിൽ വന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ നോട്ടിഫിക്കേഷൻ ഹർഷനാദമായിരുന്നു ശബ്ദസ്രോതസ്.

മിഴിയാൻമടിക്കുന്ന നേത്രങ്ങളെ ഒരു ഭാരോദ്വാഹനപാടവത്തോടെ തുറന്നു മൊബൈലിൽ നോക്കുമ്പോൾ കണ്ണ് മിഴിഞ്ഞുപോയി...1645 മെസ്സേജുകൾ! എന്തായിരിക്കും ഇത്രയധികം സന്ദേശസുനാമി എന്ന് ചിന്തിച്ചു ഓരോ മെസ്സേജ് തുറന്നു നോക്കിയപ്പോൾ ആണ് ഇന്ന് ലോക പരിസ്ഥിതി ദിനം ആണ് എന്ന തിരിച്ചറിവ് ഉണ്ടായത്... പ്രകൃതി സ്നേഹികളെ ല്ലാം മണ്ണിലേക്കിറങ്ങിയതിൻറെ ശബ്ദദൃശ്യസന്ദേശസാഗരത്തിൽ പതിച്ച എന്നിലും ഒരു പ്രകൃതി സ്നേഹി ഉണരുകയായിരുന്നു

സ്റ്റാറ്റസ് ചിത്രങ്ങളും അടിക്കുറിപ്പുകളും കണ്ട് വഴിഞ്ഞൊഴികിയ എന്റെ പ്രകൃതി സ്നേഹം മുഖപുസ്തകത്തിലെ ദൃശ്യവിസ്മയങ്ങൾ കൂടിയായപ്പോൾ നിയന്ത്രണാതീതമായി മാറുകയായിരുന്നു...ഇനിയും പ്രവർത്തിക്കാതിരുന്നാലത് പ്രകൃതി മാതാവിനോടുള്ള കർതൃവിലോപമാവും എന്ന് തിരിച്ചറിഞ്ഞ നിമിഷം പുറത്തേക്കിറങ്ങി..

സൂര്യകിരണങ്ങൾ തഴുകി മുറ്റത്തെ ടൈലുകളെ ഉണർത്തി എന്ന് അവയുടെ തിളക്കം കാണുമ്പോൾ അറിയാം... ആറുമാസം മുമ്പാണ് വീടിന് ചുറ്റും ടൈലിട്ടത്..വടക്കേ മുറ്റത്തെ ഒരു ചക്കമരമാണ് അതിന് പ്രചോദനം ആയത്.. വൃത്തികെട്ട മരം.... എന്നും ഇലകൾ പൊഴിച്ച് മുറ്റം നിറയെ കരിയിലകൾ തൂകിയ ആ ചക്കമരം വലിയ പ്രശ്നമായി വളർന്നപ്പോൾ ഒന്നാം കൊറോണ ക്കാലത്തെ അതിജീവനത്തിന് അതിന്റെ ഏകരൂപ ഫലത്തെ ദശരൂപങ്ങളാക്കി ജീവൻ രക്ഷിക്കാൻ നടത്തിയ പോരാട്ടങ്ങളെ ല്ലാം മറന്നിരുന്നു... അല്ലെങ്കിലും വൃത്തിയുള്ള മുറ്റത്തേക്കാൾ വലുതൊന്നുമല്ലല്ലോ വിശപ്പിന്റെ പല്ലിളിക്കൽ!

ചക്കമരം മുറിച്ചു മാറ്റിയപ്പോൾ ആണ് അടിയിലെ മണ്ണിൽ മഴ കൊണ്ട് മാത്രം മുളക്കാവുന്ന വിത്തുകൾ ഉറങ്ങിക്കിടക്കുന്നുണ്ടാവാം എന്ന് തിരിച്ചറിഞ്ഞത്... ഉറക്കം കളയുന്ന തിരിച്ചറിവ് ആയിരുന്നു അത്.... പിന്നെ ഒന്നും നോക്കിയില്ല...ഉള്ളതും ഇല്ലാത്തതും ആയ എല്ലാം തട്ടിക്കൂട്ടി പുരയിടത്തിൽ മൊത്തം ടൈൽ വിരിച്ചു...

ചിന്തയുടെ ചാറ്റൽമഴ ചിതറിത്തെറിച്ച നിമിഷങ്ങളിൽ നിന്നും വീണ്ടും ഇന്നിന്റെ യാഥാർത്ഥ്യത്തിലേക്ക് വിളിച്ചിറക്കി കൊണ്ട് വന്നത് ചീവീടുകളുടെ ശബ്ദം തന്നെ ആയിരുന്നു...അതേ .. അവിടെ സന്ദേശ സുനാമി തിരമാലകൾ അലറിയടിക്കുകയാണ്.... ഇടമുറിയാതെ പെയ്യുന്ന മഴയിൽ മുഖം മിനുക്കുന്ന ടൈലുകളിൽ എന്റെ നിസ്സഹായതയുടെ പ്രതിരൂപം തിളങ്ങുന്നുണ്ടായിരുന്നു...ഇനി എന്ത് ചെയ്യും എന്ന നിസ്സഹായതയുടെ പ്രതിരൂപം


സെൽഫികളിൽ പൊതിഞ്ഞ സാഹിത്യം എന്റെ മനസ്സിനെ കീറിമുറിക്കുമ്പോഴും ഞാൻ കീഴടങ്ങാൻ തയ്യാറായിരുന്നില്ല... ഇന്ന് ചെയ്യേണ്ടത് ചെയ്യാതെ ജീവിതം നിരർത്ഥകമാക്കാൻ പാടില്ല... ഒരു പിടി മണ്ണ് പോലുമില്ലാത്ത പുരയിടത്തിൽ ഭൂമിക്കൊരു ചരമഗീതം പാടി നൊമ്പരപ്പെടാൻ ഞാനൊരു കാല്പനിക കവിയല്ല... കൃഷ്ണ വനത്തിൽ കിളികളുടെ കളനാദം കേട്ട് സായൂജ്യമടയാൻ മണ്ണിലേക്കിറങ്ങാൻ മാത്രം ഞാനൊരു മഠയനുമല്ല... ഇന്നിന്റെ പൊൽക്കാഴ്ചകളുടെ ദൃശ്യചാരുതയിലിടം തേടുന്ന ഒരു സാധാരണ പ്രകൃതി സ്നേഹി മാത്രം

കർത്തവ്യ നിർവഹണത്തിനായി മൊബൈൽ ഫോൺ കയ്യിലെടുത്തു ഗാലറിയിൽ പരതി... ഭാഗ്യം!!! കഴിഞ്ഞ വർഷത്തെ ചിത്രം ഇത് വരെ ഡിലീറ്റ് ആയിട്ടില്ല... ദൈവം എന്നത് ഒരു സങ്കൽപം മാത്രമല്ല എന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ നിമിഷം....


മുഖപുസ്തകം തുറന്ന് പരിസ്ഥിതി ചിത്രം പോസ്റ്റ് ചെയ്ത് അടിക്കുറിപ്പുമിട്ടു.....


മണ്ണിന്റെ മനസ്സിന് കുളിരാവാനൊരു തണൽ........

ചിത്രത്തിലേക്ക് ഒന്ന് കൂടി നോക്കിയപ്പോൾ പുതുച്ചെടിയുടെ പിന്നിലായി തെളിഞ്ഞ വരിക്കപ്ളാവിൻറെ നിഴൽ എന്നെ പേടിപ്പെടുത്തിയോ?

വിജയൻ കുറിയേടത്ത്



LEAVE A REPLY

Security code:

COMMENTS

Be the first to comment