visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala flood 2021
Kerala flood 2021Photo Credit : Siju Kuriyedam Sreekumar

സംസ്ഥാനത്ത് അവസ്ഥ കൂടുതൽ മോശമാവുകയാണ് ,പലയിടത്തും ഉരുൾപൊട്ടൽ ,ഇടുക്കി, കോട്ടയം ജില്ലകളിൽ 5 മരണം, കൂട്ടിക്കലില്‍ ഉരുൾപൊട്ടൽ; മൂന്ന് മരണം, 10 പേരെ കാണാതായി, മൂന്ന് വീടുകൾ ഒലിച്ചുപോയി

By - Siju Kuriyedam Sreekumar -- Saturday, October 16, 2021 , 07:16 PM

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചുപോയി. 13 പേരെ കാണാതായി. കൂട്ടിക്കല്‍ അടക്കം കോട്ടയം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ സഹായം തേടി. 

ശക്തമായി മഴ തുടരുന്ന കോട്ടയത്ത് ഉരുൾപൊട്ടല്‍. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 10 പേരെ കാണാതായതായാണ് വിവരം. കാണാതായവരില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ശക്തമായ മഴയിൽ കൂട്ടിക്കലിൽ വലിയ തോതിൽനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 10 പേരെ കാണാതായതായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് വ്യക്തമാക്കിയത്. മൂന്ന് വീടുകൾ ഒലിച്ചു പോയെന്നും പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. 

കൂട്ടിക്കലിലെ മൂന്നാം വാർഡ് പ്ലാപ്പള്ളിയിലെ കാവാലി പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിൽ മൂന്നു പേരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സജി മോൻ പറഞ്ഞു. സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോൾ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.

കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആലോചിക്കുന്നത്. 

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ - രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പൂഞ്ഞാർ ബസ്സ്റ്റോപ് നിലവിൽ പൂർണ്ണമായും വെള്ളത്തിലാണെന്നാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലം തകർന്നിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള പാലമായിരുന്നു ഇത്.
  തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ ഒഴുക്കിൽപ്പെട്ടു; യുവാവും യുവതിയും മരിച്ചു


അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന യുവാവും യുവതിയും മരിച്ചു.  യുവതിയുടെ മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

തൊടുപുഴ റജിസ്‌ട്രേഷനിലുള്ള കാറാണ് ഒഴുക്കില്‍പ്പെട്ടത്.  മുകളില്‍നിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയില്‍പ്പെട്ട കാര്‍ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുനിന്നു. മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷാ ഭിത്തി തകര്‍ത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.


മലമ്പുഴ ഡാം തുറന്നു: ജാഗ്രതാ നിർദേശം


കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡാം തുറന്ന സാഹചര്യത്തിൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്. 

തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു.പത്തനംതിട്ട ജില്ലയിൽ 2018ൽ പെയ്തതിനു സമാനമായി കനത്ത മഴ തുടരുന്നു. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു.

പമ്പയില്‍ കുളിക്കുന്നതിന് വിലക്ക്; രാത്രി യാത്രകൾ ഒഴിവാക്കണം: മുന്നറിയിപ്പ്


ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്പ നദിയില്‍ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം. പമ്പയില്‍ കുളിക്കുന്നതിനും വിലക്കേര്‍പെടുത്തി. തുലാമാസ പൂജകൾക്കായി ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ഞായറാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. 

പമ്പ നദിയിൽ വലിയ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അപകടമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

പി.സി. ജോർജിന്റെ വീടും മുങ്ങി


കനത്ത മഴയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പി.സി.ജോർജിന്റെ വീട് വെള്ളത്തിൽ മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽനിന്ന് കാര്യങ്ങൾ വിശദീകരിച്ച് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ് രംഗത്തെത്തി. തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു.
വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോർജ് പറയുന്നു. ജനങ്ങൾ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂർ, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



LEAVE A REPLY

Security code:

COMMENTS

Be the first to comment