visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Vizhinjam International Port Site
Vizhinjam International Port SitePhoto Credit : Siju Kuriyedath Sreekumar

വിഴിഞ്ഞം സമരത്തിന് പിന്നിൽ കളിക്കുന്നത് ആര് ?, ആര്‍ക്കുവേണ്ടി പുതിയ തുറമുഖം ?, എന്തുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ സമരത്തെ പിന്തുണയ്ക്കാത്തത് ?

By - Siju Kuriyedath Sreekumar -- Sunday, October 09, 2022 , 11:54 AM
2011 ൽ  ഉമ്മചാണ്ടിയുടെ കാലത്തു തുടങ്ങാനായി പ്രാരംഭ നടപടി എടുക്കുകയും  അന്ന് പിണറായി വിജയനും  വി സ് അച്യുതാനന്ദനും എതിർക്കുകയും പിന്നീട് അദാനി അച്യുതാനന്ദന്റെ  വീട്ടിൽ പോയി കണ്ടതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി മലക്കം മറിയുകയും പിന്നീട്  പിണറായി ഭരണത്തിൽ വന്നപ്പോൾ അനുകൂലിക്കുകയും ചെയ്ത പദ്ധതി ആണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ  പദ്ധതി . അന്ന് കേന്ദ്രം ഭരിച്ചിരുന്ന യൂ പി എ ( കോൺഗ്രസ്സ് ) സർക്കാർ ഈ പദ്ധതിക്കായി എല്ലാവിധ നിയമങ്ങളും കാറ്റിൽ പറത്തി വിഴിഞ്ഞം തുറമുഖത്തിനു അനുകൂലമായി തീരദേശം നിയമം വരെ മാറ്റി എഴുതി .


തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം അധവാ വിഴിഞ്ഞം തുറമുഖം  

കേരളത്തിെെന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിൽ നിർമ്മാണം നടന്നുവരുന്ന തുറമുഖമാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം. അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പൽ പാതയുെ സാമീപ്യം തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിർദ്ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെന്ന് പദ്ധതിയെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നു. പദ്ധതി നടപ്പിലായാൽ ഭാരതത്തിലെ മറ്റു വൻ തുറമുഖങ്ങളിലെ വർദ്ധിച്ചുവരുന്ന തിരക്ക് ഗണ്യമായ രീതിയിൽ കുറക്കാനാകുമെന്ന് കരുതപ്പെടുന്നു. വിഴിഞ്ഞത്തുനിന്നും 10 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽപ്പാത കടന്നുപോകുന്നു.

ചരിത്രം

AD 800 മുതൽ AD 1400 വരെ ആയ് രാജവംശത്തിന്റെ അഭിവൃദ്ധികൾക്കു കാരണമായതും ലോകത്തിൽ തന്നെ അറിയപ്പെട്ടിരുന്നതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖം. ആയ് രാജവംശത്തിന്റെ അഭിവൃദ്ധിയിൽ അസൂയ മുത്ത ചോള രാജവംശം കലാകാലങ്ങൾ അക്രമങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖം നശിപ്പിച്ചു. അതിനുശേഷം വിഴിഞ്ഞത്തിനു അതിന്റെ പഴയ പ്രതാപം തിരിച്ച് പിടിക്കാൻ‌ കഴിഞ്ഞില്ല.

പദ്ധതി

കേരള സർക്കാർ ( ഉമ്മൻ ചാണ്ടി സർക്കാർ  )  ആഗസ്റ്റ് 2015ൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വർഷത്തേക്കുള്ള പാട്ട കരാർ ​ഒപ്പിട്ടു. കരാറിന്റെ നടപ്പിലാക്കലിനു വേണ്ടി കേരള സർക്കാർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) എന്ന പേരിൽ നൂറു ശതമാനം സർക്കാർ അധീനതയിലുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചു. പദ്ധതിയുടെ മേൽനോട്ടത്തിനും അവസരോചിതമായ ഇടപെടലുകൾക്കും കേരളസർക്കാർ ഒരു പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയും ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു എംപവേർഡ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 2015 ഡിസംബറിൽ ധനകാര്യമന്ത്രാലയം ഈ പദ്ധതിക്ക് തത്ത്വാധിഷ്ടിത അനുമതി നല്കി. ഒന്നാം പിണറായി സർക്കാർ  2019 ജൂലൈയിൽ അന്തിമ അനുമതിക്ക് വേണ്ടിയുള്ള രേഖകൾ സമർപ്പിച്ചു. 

വിമർശനങ്ങൾ

ഈ തുറമുഖപദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരും വിവിധങ്ങളായ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടൽ മേഖലകളിൽ ഒന്നാണ് വിഴിഞ്ഞം. കടൽ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതായിരിക്കുമെന്ന് ഇക്കൂട്ടർ വാദിക്കുന്നു. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് തയ്യാറാക്കിയ പരിസരാഘാത പത്രികയിലിൽ വിഴിഞ്ഞം തീരത്തെ ജൈവവ്യവസ്ഥക്കുണ്ടാകുന്ന അപരിഹാര്യമായ ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം പദ്ധതിക്കായി കടലിൽ ഏതാണ്ട് 3200 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കേണ്ടിവരും. ഇതിനായി ടൺകണക്കിന് പാറ കണ്ടെത്തേണ്ടിവരും എന്നുമാത്രമല്ല, വിവിധ പദ്ധതിക്കായി ഇന്ത്യയുടെ വിവിധ കടൽത്തീരങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ട പുലിമുട്ടുകൾ കടൽത്തീരത്തുണ്ടാക്കിയിട്ടുള്ള വളരെ അപകടകരവും പ്രത്യക്ഷവുമായ മാറ്റങ്ങൾ വിഴിഞ്ഞത്തും ബാധിക്കും. പുലിമുട്ടിന്റെ ആഘാതവും പരിസ്ഥിതി ആഘാതപത്രികയിൽ പരിഗണിച്ചിട്ടില്ല.  എന്നാൽ മേൽവാദഗതികളെല്ലാം തന്നെ 30 വ൪ഷക്കാലമായി ഈ പദ്ധതിയെ തടസ്സപ്പെടുത്താൻ ശ്രമിച്ചുവരുന്ന മറ്റു തുറമുഖലോബികളുടെ തന്ത്രമാണെന്ന് തിരുവനന്തപുരം വാസികളും ആരോപിക്കുന്നു.

വിഴിഞ്ഞം പദ്ധതി അവകാശപ്പെടുന്നപോലെ ലാഭകരമല്ലെന്ന‌് സാമ്പത്തികവിമർശകർ ചൂണ്ടിക്കാട്ടുന്നു. അദാനിയുമായി കേരള സർക്കാർ നടത്തിയ ഒത്തുതീർപ്പു വ്യവസ്ഥകളിലൂടെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ടുഭാഗം തുകയും കേരളത്തിന്റെ പൊതുഖജനാവിൽ നിന്ന് ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്ന് പറയുന്ന തുക നിശ്ചിത കാലയളവിനകം കേരളം തിരിച്ചുനൽകണം. മൊത്തം പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയൽ എസ്റ്റേറ്റിനായി വിട്ടുനൽകണം. ഇത് ഈടുവച്ച് വായ്പയെടുക്കാൻ അദാനിക്ക് അവകാശം നൽകിയിട്ടുണ്ട്. അവിടെ നടക്കുന്ന സ്വകാര്യ നിർമ്മാണങ്ങൾ പോർട്ടിന്റെ പേരിലായതിനാൽ നിലവിലുള്ള തീരദേശ നിയന്ത്രണ നിയമങ്ങൾ ബാധകമല്ലതാനും. 

വിഴിഞ്ഞം തീരത്തുനിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് കൃത്യമായ  പദ്ധതിയില്ലാത്തത് ഇതിലെ വലിയ പരിമിതിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി 475 കോടി രൂപ പ്രത്യേകമായി ചെലവിട്ട് 3000 കുടുംബങ്ങളെ പുനരധിവസിപ്പിക്കൽ കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ പുനരധിവാസ പദ്ധതിയായിരിക്കും.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണവും നടത്തിപ്പും സംബന്ധിച്ച് ഗുജറാത്ത് ആസ്ഥാനമായ അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ ലിമിറ്റഡിന് അനുമതിക്കത്ത് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2011 ജൂലൈ 13നു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു . സമ്മതപത്രം കൈപ്പറ്റി 45 ദിവസത്തിനകം അദാനിയുമായി കേരള സര്‍ക്കാര്‍ അന്തിമ കരാര്‍ ഒപ്പിടും എന്നും . വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 18,000 ടി.ഇ.യു. ശേഷിയുള്ള യാനങ്ങള്‍ അടുപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാവും. കൂടാതെ, പദ്ധതിയോടനുബന്ധിച്ച് ഫിഷിങ് ഹാര്‍ബറും ക്രൂസ് ടെര്‍മിനലും വിഭാവനം ചെയ്തിട്ടുണ്ടെന്ന്   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ക്കു വേണ്ടിയാണ് പുതിയൊരു തുറമുഖം?

വിഴിഞ്ഞം തുറമുഖ പദ്ധതി ശരിക്കും ആർക്കു വേണ്ടി ആണ് എന്നും ആർക്കാണ് ഇതിന്റെ ലാഭം ഉണ്ടാകുക എന്നും നോക്കാം . അദാനി എത്തുമ്പോള്‍ കബോട്ടാഷ് നിയമം ഉള്‍പ്പെടെ വിഴിഞ്ഞത്തിനു തടസ്സമായി നില്‍ക്കുന്ന എല്ലാ നിയമവ്യവസ്ഥകളും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇളവുചെയ്യുകയായിരുന്നു. അവസാന നിമിഷം മറ്റു നാലു കമ്പനികളും വിട്ടുനിന്നതും അദാനി ഗ്രൂപ്പ് മാത്രം പങ്കെടുത്തതും ദുരൂഹത ഉയര്‍ത്തുന്നതാണ്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമാവാന്‍ പോവുന്നതെന്നും തലസ്ഥാനനഗരിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നും കേരള സര്‍ക്കാര്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന വിഴിഞ്ഞം തുറമുഖപദ്ധതി വസ്തുതകളുമായി തട്ടിച്ചുനോക്കിയാല്‍ ഹിമാലയൻ വിഡ്ഢിത്തം ആണ് എന്ന് മനസിലാകും . നിര്‍ദിഷ്ട പദ്ധതിക്ക് പാരിസ്ഥിതിക അനുമതിക്കായി അപേക്ഷ ലഭിച്ച ഉടനെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ കമ്മിറ്റി ഒരു കാരണവശാലും ഈ പദ്ധതി ഈ രീതിയില്‍ നടപ്പാക്കരുതെന്ന് 2011 മെയ് 11, 12 തിയ്യതികളിലെ മിനുട്‌സില്‍ കൃത്യമായും രേഖപ്പെടുത്തിയതാണ്. എന്നിട്ടും പദ്ധതിക്ക് അംഗീകാരം ലഭിച്ചു.

വിഴിഞ്ഞത്ത് കപ്പലുകളുടെ സുരക്ഷയ്ക്കായി കടല്‍ത്തിരകളെ തടയുന്നതിനു നാലു കിലോമീറ്ററോളം പുലിമുട്ട് കടലിലേക്കു നിര്‍മിക്കേണ്ടതുണ്ട്. ഇതു വളരെ വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കു കാരണമാവുമെന്ന് ഇതുവരെയുള്ള അനുഭവങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. 1970ല്‍ വിഴിഞ്ഞത്ത് ഫിഷിങ് ഹാര്‍ബറിനു 400 മീറ്റര്‍ പുലിമുട്ട് നിര്‍മിച്ച ശേഷം പൂന്തുറ, ബീമാപ്പള്ളി, പനത്തുറ, വലിയതുറ തുടങ്ങിയ ഭാഗങ്ങളില്‍ 200 മീറ്ററോളം കടലെടുത്തു. പൂന്തുറയില്‍ മാത്രം നൂറിലധികം കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കടലാണ്. വടക്ക് അഞ്ചുതെങ്ങ് മുതല്‍ പനത്തുറ വരെ ഇപ്പോഴും കടലെടുക്കല്‍ തുടരുന്നു. അതുപോലെത്തന്നെ വിഴിഞ്ഞം ഹാര്‍ബറിനു തെക്ക് പൂവാര്‍, അടിമലത്തുറ ഭാഗങ്ങളില്‍ 220 മീറ്റര്‍ വീതിയില്‍ വരെ കടല്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

കേന്ദ്ര ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഔദ്യോഗിക പഠനങ്ങള്‍ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 817.8 കോടി രൂപ തുറമുഖ പദ്ധതികള്‍ക്കായി നല്‍കുന്നതിനോടൊപ്പം മത്സ്യബന്ധന തുറമുഖം കൂടി നിര്‍മിച്ചുനല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതിനായി 1463 കോടി രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. ഇതും  മറ്റു ചിലവുകളും കൂട്ടിയാൽ  സംസ്ഥാന 
സര്‍ക്കാരിന്റെ ചെലവ് 3436 കോടി രൂപയായി ഉയരുകയും ചെയ്യും. കൂടാതെ നാലു പതിറ്റാണ്ടിന്റെ കാലയളവിലേക്ക് ഏക്കര്‍കണക്കിനു ഭൂമിയും സൗജന്യമായി നല്‍കേണ്ടതുമുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍, സര്‍ക്കാരിനോ ജനങ്ങള്‍ക്കോ യാതൊരു സാമ്പത്തിക ലാഭവും ഉണ്ടാക്കാത്ത, തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാത്ത, ജനതയുടെ അതിജീവനത്തെ സാരമായി ബാധിക്കുന്ന, കടുത്ത പാരിസ്ഥിക ആഘാതം സൃഷ്ടിക്കുന്ന, കോര്‍പറേറ്റുകള്‍ക്കു മാത്രം സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഒന്നായിരിക്കും വിഴിഞ്ഞം തുറമുഖ പദ്ധതി.ആകെ 7525 കോടി ചെലവു വരുന്ന പദ്ധതിയില്‍ ഏതാണ്ട് 6000 കോടിയുടെ അഴിമതിയാണ് സി.പി.എം. നേതാവ് പിണറായി വിജയന്‍ അന്ന്  ആരോപിച്ചത് , എന്നാൽ അതെ പദ്ധതിയെ ഇന്ന് പിണറായി അനുകൂലിക്കുന്നു എന്നതും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു  . 6000 കോടിയുടെ ഭൂമി 500 കോടിക്ക് വില്‍ക്കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍, എന്തു പഴി കേള്‍ക്കേണ്ടിവന്നാലും പദ്ധതി നടപ്പാക്കുമെന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി എടുത്തത് . ഒരു സെന്റ് ഭൂമി പോലും വില്‍ക്കുന്നില്ല, പാട്ടത്തിനു കൊടുക്കുന്നുമില്ല. ലൈസന്‍സിനാണ് ഭൂമി നല്‍കുന്നത്. 206.87 ഏക്കര്‍ ഭൂമി 524 കോടിക്ക് വാങ്ങി. സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നില്ല. പി.പി.പി. ഘടകം കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുമുണ്ടായിരുന്നു. ഭൂമി കൈകാര്യം ചെയ്യുന്നതിലും ലാഭവിഹിതം തീരുമാനിച്ചതിലും സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് അങ്ങനെ പോവുന്നു ഉമ്മൻ ചാണ്ടിയുടെ  വിശദീകരണം.

എന്നാല്‍, ഇതുസംബന്ധിച്ച സര്‍വകക്ഷി യോഗത്തില്‍ അന്ന്  അഭിപ്രായ ഐക്യമുണ്ടാക്കാന്‍ ഉമ്മൻ ചാണ്ടിക്ക്  സാധിച്ചില്ല. ഇടതു പാർട്ടികൾ ഇതിനു എതിരായിരുന്നു കൂടാതെ  ഇതു നടപ്പായാൽ കോൺഗ്രസിന് അത് ഒരു ക്രെഡിറ്റ് ആകും എന്നതുകൊണ്ടും മാത്രമാണ് ഇതിനെ അവർ എതിർത്തത് എന്ന് പിന്നീട് വന്ന പിണറായി സർക്കാരിന്റെ നിലപാടിൽ നിന്ന് മനസിലാക്കാം . ടെന്‍ഡര്‍ വിഴിഞ്ഞത്തിനായി രഹസ്യമായി തട്ടിക്കൂട്ടിയതല്ല, പല തുറമുഖങ്ങളും നിര്‍മിച്ചും നടത്തിയും അനുഭവസമ്പത്തുള്ളവരാണ് അദാനി ഗ്രൂപ്പ്, വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അദാനിക്ക് എല്ലാ പിന്തുണയും കൊടുക്കും, അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ബിഡ് തുറമുഖ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും എന്നിങ്ങനെ തുടര്‍ന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദ്ധതിക്കായി പോരാട്ടവീര്യത്തോടെ രംഗത്തുവന്നു.

സത്യത്തില്‍ വിഴിഞ്ഞം ഇന്റര്‍നാഷനല്‍ ഡീപ് വാട്ടര്‍ മള്‍ട്ടിപര്‍പസ് സീ പോര്‍ട്ട് അഥവാ വിഴിഞ്ഞം പദ്ധതി യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നതെന്ത് എന്ന വിഷയത്തില്‍ പൊതുസമൂഹത്തിനു വ്യക്തമായ ധാരണയില്ല എന്നതാണ് വസ്തുത. കൊച്ചിയിലെ വല്ലാര്‍പാടം മാതൃകയില്‍ ട്രാന്‍സ്ഷിപ്‌മെന്റാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നതാണ് സത്യം. അതായത്, കപ്പലുകളില്‍ വലിയ കണ്ടെയ്‌നറുകള്‍ കയറ്റലും ഇറക്കലും. വളരെ കൊട്ടിഘോഷിച്ചു തുടങ്ങിവച്ച വല്ലാര്‍പാടം പദ്ധതി അതിജീവനത്തിനായി ഊര്‍ധ്വശ്വാസം വലിക്കുകയാണ്.

വല്ലാര്‍പാടത്തുനിന്ന് വെറും 225 കിലോമീറ്റര്‍ ദൂരമാണ് വിഴിഞ്ഞത്തേക്കുള്ളത്. 2500 കോടി കേന്ദ്ര ഫണ്ടും 2000 കോടി സംസ്ഥാന ഫണ്ടും 700 കോടി ഡ്രഡ്ജിങിനും കൂടാതെ റോഡ്, റെയില്‍, പാലം നിര്‍മാണത്തിനു കോടികളും ചെലവഴിച്ച വല്ലാര്‍പാടത്തെ സഹായിക്കാതെ മറ്റൊരു വിഴിഞ്ഞം പദ്ധതിയുമായി സര്‍ക്കാരുകള്‍ മുന്നോട്ടുപോവുന്നത് എന്തിനെന്ന ചര്‍ച്ച എവിടെയും ഉയര്‍ന്നുകാണുന്നില്ല. 10 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ട വല്ലാര്‍പാടം ടെര്‍മിനലില്‍ കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തത് 3.67 ലക്ഷം കണ്ടെയ്‌നര്‍ മാത്രമായിരുന്നു. വല്ലാര്‍പാടം 35 ശതമാനം പോലും ഉപയോഗിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അവിടെ ദുബയ് പോര്‍ട്ട് വേള്‍ഡാണ് പദ്ധതിനിര്‍വഹണം. 60 രാജ്യങ്ങളില്‍ പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് വല്ലാര്‍പാടം വിജയിപ്പിക്കാനാവുന്നില്ലെങ്കില്‍ പിന്നെ വിഴിഞ്ഞത്തിന്റെ കാര്യം പറയേണ്ടതില്ല.

അതോടൊപ്പം 13 ഗ്രാമങ്ങളിലായി 55,677 മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് വിഴിഞ്ഞത്ത് കുടിയൊഴിപ്പിക്കേണ്ടിവരുക. വല്ലാര്‍പാടത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല. വിഴിഞ്ഞം പദ്ധതി എന്തു വില കൊടുത്തും നടപ്പാക്കുമെന്ന് ആണയിട്ടു മുന്നേറുന്ന മാറി മാറി വരുന്ന സർക്കാരുകൾ  വിഴിഞ്ഞത്തെ വല്ലാര്‍പാടത്തോടല്ല, മറിച്ച്, രാജ്യാന്തര തുറമുഖങ്ങളായ സിംഗപ്പൂര്‍, ദുബയ്, കൊളംബോ തുടങ്ങിയവയോടാണ് ഉപമിക്കുന്നത്.

വല്ലാർപാടം പദ്ധതിയിൽ വീട് നഷ്ട്ടപെട്ടവർക്കു ഇപ്പോഴും  പുനരധിവാസം നടപ്പായിട്ടില്ല കൂടാതെ സ്ഥലം ഏറ്റെടുക്കും എന്ന് പറഞ്ഞു കുറ്റി നാട്ടിയ പലരുടെയും സ്ഥലം ഏറ്റെടുത്തിട്ടും ഇല്ല അതിനാൽ സ്ഥലത്തിന്റെ ന്യായ വില കിട്ടിട്ടും ഇല്ല  അവർക്കു അത് വിൽക്കാനോ  മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പറ്റുന്നില്ല  എന്നതും ഇതോടൊപ്പം ചിന്തിക്കേണ്ടതാണ് . 

2028ല്‍ ദശലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ലക്ഷ്യമിടുന്നത്. എന്നാല്‍, കൊളംബോയില്‍ ഇപ്പോള്‍ തന്നെ 12.5 ദശലക്ഷം കണ്ടെയ്‌നറുകള്‍ക്ക് സൗകര്യമുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം അവിടെ 4.2 ദശലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയുമുണ്ടായി. 15.6 ദശലക്ഷമാണ് ദുബയ് തുറമുഖത്ത് കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയതത്. അവിടത്തെ ശേഷി 16 ദശലക്ഷമാണ്. സിംഗപ്പൂരിലാവട്ടെ ഇപ്പോള്‍ തന്നെ 40 ദശലക്ഷത്തിനുള്ള സൗകര്യമുണ്ട്. അവിടെ കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തത് 36.4 ദശലക്ഷം കണ്ടെയ്‌നറുകളായിരുന്നു. അവരോടാണ്് 2028ല്‍ ഒരു ദശലക്ഷവുമായി മല്‍സരിക്കാന്‍ വിഴിഞ്ഞം തയ്യാറെടുക്കുന്നത്.

അടിസ്ഥാന ജനവിഭാഗങ്ങളുടെ വയറ്റത്തടിക്കുന്നതാണ് അദാനി പദ്ധതി. ഗുജറാത്തിലെ മുന്ദ്രയില്‍ തുറമുഖ നിര്‍മാണം ആരംഭിച്ചപ്പോള്‍തന്നെ മല്‍സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരുമായ ആയിരക്കണക്കിനു ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവന്നിരുന്നു. അവസാനം കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി 1840 ഹെക്ടര്‍ ഭൂമി അദാനി ഗ്രൂപ്പ് അനധികൃതമായി കൈവശപ്പെടുത്തിയതായി കണ്ടെത്തി സെസില്‍ നിന്ന് ഒഴിവാക്കിയതായി റിപോര്‍ട്ട് വന്നിരുന്നു.

കൂടാതെ മുന്ദ്ര പവര്‍ സ്റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍സ്വകാര്യഭൂമി ഉപയോഗിച്ചെന്നു എന്ന്  ഗുജറാത്ത് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് പിഴ അടയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് ടൈഗര്‍ റിസര്‍വ് മേഖലയ്ക്ക് ഹാനികരമാവുമെന്നു ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധസമരം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2007ല്‍ നല്‍കിയ അനുമതി സര്‍ക്കാരിനു റദ്ദാക്കേണ്ടിവന്നിരുന്നു. മധ്യപ്രദേശിലെ ചിന്‍ദ്വാരയില്‍ പവര്‍ സ്റ്റേഷന്‍ നിര്‍മാണത്തിനായി പെന്‍ച് നദി ദിശ മാറ്റുന്നതിനെതിരേ കര്‍ഷകരും തൊഴിലാളികളും ഗ്രാമീണരും ഒത്തൊരുമിച്ച് 2004 മുതല്‍ സമരത്തിലാണ്.
ഒഡീഷയില്‍ 2008 മുതല്‍ 2012 വരെ നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്‌തെന്നു സുപ്രിംകോടതി കണ്ടെത്തിയതിനെത്തുടര്‍ന്നു 175 കോടി യു.എസ്. ഡോളര്‍ പിഴയൊടുക്കാന്‍ അദാനി ഉള്‍പ്പെടെ 16 കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കര്‍ണാടകയിലെ ബെല്ലാരിയില്‍ വന്‍തോതില്‍ ഇരുമ്പയിര് കയറ്റുമതി ചെയ്തതിനെത്തുടര്‍ന്ന് സര്‍ക്കാരിനു ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടായതായി ലോകായുക്ത കണ്ടെത്തിയിരുന്നു.അദാനി പ്രോജക്ടുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു എന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.

എന്തുകൊണ്ട് രാഷ്ട്രീയപാർട്ടികൾ സമരത്തെ അനുകൂലിക്കുന്നില്ല  ?

ഒരു രാഷ്ട്രീയ പാർട്ടിയും ഇതുവരെ ഈ സമരത്തിന് പ്രത്യക്ഷ പിന്തുണ കൊടുത്തിട്ടില്ല . കോൺഗ്രസ്സിനെ സംബന്ധിച്ചു ഇത് അവരുടെ അഭിമാന പദ്ധതി ആണ് . ഉമ്മൻ ചാണ്ടി കൊണ്ട് വന്ന പദ്ധതി ആണല്ലോ ഇത് അതിനാൽ ഇതിനെ പ്രത്യക്ഷത്തിൽ  എതിർക്കുക സാധ്യമല്ല . കമ്മ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ചു ആദ്യം അവർ എതിർത്തതാണ് എങ്കിലും പിന്നീട് ഇതിലൂടെ ഉണ്ടാകാൻ പോകുന്ന സാമ്പത്തിക ലാഭവും ഇത് നടപ്പാക്കിയാൽ കിട്ടുന്ന പ്രശസ്തിയും ഇത് എതിർക്കുന്നവരെ അപേക്ഷി പതിന്മടങ്ങാണ് അനുകൂലിക്കുന്നവർ അതിനാൽ  അനുകൂലിക്കുന്നവരെ തങ്ങളുടെ കൂടെ കൂട്ടാം എന്നതും എതിർക്കുന്നവർക്ക് പുനരധിവാസം എന്നപേരിൽ തങ്ങൾക്കു താൽപ്പര്യം ഉള്ളവർക്ക് കരാറുകൾ കൊടുത്തു പൈസ ഉണ്ടാക്കാം എന്ന   സാധ്യതയും ഒക്കെ കണക്കിലെടുത്താണ് അവരും ഈ പദ്ധതിയെ ഇപ്പോൾ പ്രത്യക്ഷത്തിൽ എതിർക്കാത്തത് . ബിജെപി യെ സംബന്ധിച്ചു പ്രത്യേകിച്ച്  ലാഭം ഇല്ല എങ്കിലും രാജ്യത്തിന്   വിദേശ നാണ്യം നേടിത്തരുന്നതാണ് എന്നത് കൊണ്ടും , വിഴിഞ്ഞം പോർട്ട് ഇന്ത്യക്കു ഒരു അഭിമാനം ആണ് എന്നത് കൊണ്ടും എതിർക്കുന്നില്ല .

വിഴിഞ്ഞം തുറമുഖ സമരം ആർക്കുവേണ്ടി ?

ഇപ്പോൾ  വിഴിഞ്ഞം തുറമുഖത്തിനു എതിരായി നടക്കുന്ന  സമരം വെറും പ്രഹസനം മാത്രം .  സർക്കാർ വക  തീരദേശ ഭൂമി കയ്യേറി കുറെ പാവങ്ങളെ പറഞ്ഞു പറ്റിച്ചു അവരിൽനിന്ന്   പൈസ വാങ്ങി അവർക്കു ലത്തീൻ സഭ ചെറു കഷ്ണങ്ങളാക്കി പതിച്ചു കൊടുത്തു . വിഴിഞ്ഞം തുറമുഖത്തിനു 2011 ൽ  നിയമ നടപടി തുടങ്ങുകയും പിന്നീട് നടത്തിപ്പിനായി  അദാനിക്ക് കരാറ് കൊടുക്കുകയും ചെയ്ത പദ്ധതി ആണ് അതിനെ ഇപ്പോൾ 11 കൊല്ലങ്ങൾക്കു ശേഷം എതിർക്കുന്നത് സാമ്പത്തികമായ ലാഭം പ്രതിഷിച്ചുമാത്രം . വിഴിഞ്ഞം പദ്ധതി  നടപ്പാക്കണം എന്ന ചർച്ചക്ക് ഏകദേശം 30 കൊല്ലാതെ പഴക്കം ഉണ്ട് . അന്നൊന്നും ഇല്ലാത്ത പ്രതിഷേധം  പദ്ധതി വരുന്നുണ്ട് എന്ന്  മനസിലാക്കി തീരദേശ ഭൂമി കയ്യേറി വിശ്വാസികൾക്കായി  പതിച്ചു കൊടുക്കുകയും പിനീട് അവരെ ഇളക്കി വിട്ട് സമരം ചെയ്യിച്ചു  സാമ്പത്തിക ലാഭം ഉണ്ടാക്കാം എന്നും കണക്കിലെടുത്തു നടത്തുന്ന സമരം മാത്രമാണ് ഇപ്പോൾ നടക്കുന്നത് . കൂടാതെ വിഴിഞ്ഞം തുറമുഖം വന്നാൽ അത് ദുബായ് പോർട്ടിനെയും ചൈനയുടെ കയ്യിൽ  ഉള്ള കൊളോമ്പോ പോർട്ടിനെയും ബാധിക്കും എന്നതിനാൽ അവർ ഈ സമരത്തിന് സാമ്പത്തിക സഹായം ചെയുന്നുണ്ട് . ദുബായിൽ നിന്ന് കിട്ടിയ സാമ്പത്തികസഹായത്തിന്റെ കണക്കു  സമരപന്തലിൽ സമരസമിതിക്കു നേതൃത്വം നൽകുന്ന ലത്തീൻ സഭ തന്നെ  വെളിപ്പെടുത്തിയതാണ് ആ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൾ വൈറൽ ആണ് . കൂടാതെ ഇത്രയും വലിയ ഒരു പോർട്ട് ഇന്ത്യയിൽ വരുകയും അത് പിന്നീട് നല്ലരീതിയിൽ ആയാൽ അതിലൂടെ ഇന്ത്യക്കു ഉണ്ടായേക്കാവുന്ന വിദേശ നാണ്യത്തിനു തടയിടുക എന്ന ലക്ഷ്യവും ഉണ്ട് ഇതിനെ  എതിർക്കുന്നവർക്ക് പൈസ കൊടുക്കുന്നവർക്ക് . ഇന്ത്യ സാമ്പത്തികമായി ഉയിരരുത് എന്നും ദുബായ് സിംഗപ്പൂർ കൊളോമ്പോ  പോർട്ടുകളുടെ  മേൽക്കോയ്മ  പങ്കുവെക്കപ്പെടരുത് എന്നതും ആണ് ഇവരുടെ ലക്‌ഷ്യം . അതിനായി എവിടെ ഉള്ള ചില ആളുകളെ പൈസ കൊടുത്തു തങ്ങളുടെ വരുതിയിൽ ആക്കി . 


Who is playing behind the Vizhinjam strike, for whom the new port and why political parties are not supporting the strike

 



LEAVE A REPLY

Security code:

COMMENTS

Be the first to comment