visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Amit Shah with  Narendra Modi
Amit Shah with Narendra ModiPhoto Credit : BJP FB post

തെലങ്കാനയും തമിഴ്നാടും പിന്നെ കേരളവും ദക്ഷിണേന്ത്യക്കായി തയ്യാറാക്കിയിരിക്കുന്നത് വിവിധസംസ്ഥാനങ്ങളില്‍ പ്രയോഗിച്ചു വിജയിപ്പിച്ച തന്ത്രങ്ങൾ; "മിഷൻ ദക്ഷിണേന്ത്യ 2024" ന് തുടക്കമിട്ട് ബിജെപി

By - Siju Kuriyedam Sreekumar -- Monday, July 04, 2022 , 08:49 PM
ഹൈദരാബാദ്: ‘മിഷന്‍ ദക്ഷിണേന്ത്യ 2024’ പ്രവര്‍ത്തനപരിപാടിക്ക് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അംഗീകാരം. 2024-ലെ ലോക്സഭാതിരഞ്ഞെടുപ്പിനുമുമ്പ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ലക്ഷ്യമിടുന്ന പ്രവർത്തന പരിപാടിയാണ് ‘മിഷന്‍ ദക്ഷിണേന്ത്യ 2024’.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെ ആദ്യലക്ഷ്യങ്ങള്‍ തെലങ്കാനയും തമിഴ്നാടുമാണ്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത് തെലങ്കാനയിലും എ.ഐ.എ.ഡി.എം.കെ.യുടെ ക്ഷീണം ഉപയോഗിച്ച് തമിഴ്നാട്ടിലും മുഖ്യപ്രതിപക്ഷമായി വളരുകയാണ് ആദ്യ നടപടി. തുടര്‍ന്ന് കേരളമടക്കം എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരണംനേടുമെന്ന് ഞായറാഴ്ച ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം അവകാശപ്പെട്ടു.

അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോള്‍ തയ്യാറാക്കിയ കര്‍മപരിപാടി നടപ്പാക്കാനാണ് യോഗം തീരുമാനമെടുത്തത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി.യുടെ അടുത്ത പ്രതീക്ഷയെന്ന് പ്രമേയം അവതരിപ്പിച്ച് അമിത് ഷാ അഭിപ്രായപ്പെട്ടു.

തമിഴ്നാട്, തെലങ്കാന, ആന്ധ്ര, കേരളം എന്നീ നാലുസംസ്ഥാനങ്ങളിലും പാര്‍ട്ടി വൈകാതെ ഭരണംപിടിക്കും. ആദ്യം മുഖ്യപ്രതിപക്ഷമാവുക, തുടര്‍ന്ന് ഭരണം പിടിക്കുക എന്ന വിവിധസംസ്ഥാനങ്ങളില്‍ പ്രയോഗിച്ചുവിജയിപ്പിച്ച തന്ത്രമാണ് ദക്ഷിണേന്ത്യക്കായി തയ്യാറാക്കിയിരിക്കുന്നത്. ബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും സ്വാധീനം വ്യാപിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവകാലത്ത് ഇന്ത്യ വിശ്വഗുരുവായി മാറുമെന്ന് പ്രമേയം അവകാശപ്പെട്ടു.

യോഗത്തില്‍ ദക്ഷിണേന്ത്യാദൗത്യം സംബന്ധിച്ച് വിശദമായ ചര്‍ച്ചനടന്നെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ പറഞ്ഞു. അടുത്ത 30-40 വര്‍ഷങ്ങള്‍ ബി.ജെ.പി.യുടേതാണെന്ന് പ്രമേയം അഭിപ്രായപ്പെട്ടതായി ഹിമന്ദ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

രാഷ്ട്രീയ എതിരാളികളുടെ ആക്രമണം ഏറ്റുവാങ്ങിയിട്ടും പിന്തിരിയാതെ ശക്തമായി പ്രവര്‍ത്തിക്കുന്ന കേരളം, തെലങ്കാന, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി.പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഈ സംസ്ഥാനങ്ങളില്‍ എതിരാളികള്‍ പ്രയോഗിക്കുന്നത്. എന്നാല്‍, ബി.ജെ.പി. പ്രവര്‍ത്തകര്‍ അന്തസ്സും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുദിവസങ്ങളിലായി നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, മുന്‍ സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ്, ദേശീയ വക്താവ് ടോം വടക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതിപക്ഷത്തിന്റേത് പ്രീണനനയമെന്ന് രാഷ്ട്രീയ പ്രമേയം

ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ ഞായറാഴ്ച അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തില്‍ കോണ്‍ഗ്രസിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും കടുത്ത വിമര്‍ശനം. ജാതിരാഷ്ട്രീയവും കുടുംബാധിപത്യ രാഷ്ട്രീയവും പ്രീണനനയവുമാണ് കാലങ്ങളായി കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും പ്രയോഗിക്കുന്നതെന്ന് ഞായറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം കുറ്റപ്പെടുത്തി.

ഈ മൂന്ന് ദുഷ്പ്രവണതകളെയും നീക്കി വികസനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി. പിന്തുടരുന്നതെന്ന് പ്രമേയം അവകാശപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ പിന്തുണച്ചു.

2014-നുശേഷം രാജ്യത്ത് വികസനരാഷ്ട്രീയത്തിനും വികസനനയത്തിനുമാണ് മുന്‍തൂക്കം. വികസനത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി. എക്കാലത്തും ശ്രമിക്കുന്നത്. യു.പി.അടക്കമുള്ള തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. നേടിയ വന്‍വിജയം ഇതാണ് തെളിയിക്കുന്നതെന്നും പ്രമേയത്തില്‍ പറഞ്ഞു.

പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മോദിസര്‍ക്കാര്‍ കൊണ്ടുവരുന്ന എല്ലാ നല്ല കാര്യങ്ങളോടും വിയോജിപ്പാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. മോദിഫോബിയ മൂലം പ്രതിപക്ഷം എല്ലാ നടപടികളെയും എതിര്‍ക്കുകയാണ്. അതിര്‍ത്തി കടന്ന ഇന്ത്യന്‍സൈന്യം നടത്തിയ മിന്നലാക്രമണം, ജമ്മുകശ്മീരിന് പ്രത്യേക പദവി ഉറപ്പുനല്‍കുന്ന 377-ാം അനുച്ഛേദം പിന്‍വലിക്കല്‍, പൗരത്വനിയമ ഭേദഗതി, ജി.എസ്.ടി., വാക്‌സിനേഷന്‍, യുവാക്കള്‍ക്ക് ജോലിനല്‍കാനുള്ള പദ്ധതികള്‍, മുത്തലാഖ് നിരോധനം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം എന്നിവയെയെല്ലാം കോണ്‍ഗ്രസ് എതിര്‍ത്തു.

രാഷ്ട്രപതിസ്ഥാനാര്‍ഥിയായി പട്ടികവര്‍ഗവിഭാഗത്തിലെ വനിതാനേതാവ് ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുത്തതില്‍ പ്രമേയം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. മുര്‍മുവിന്റെ ജീവിതം എല്ലാവരും മാതൃകയാക്കണമെന്ന് മോദി യോഗത്തില്‍ നിര്‍ദേശിച്ചതായി ഹിമന്ദ അറിയിച്ചു.

ഗുജറാത്ത് കലാപം: സുപ്രീംകോടതിവിധി ചരിത്രപരം

ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സുപ്രീംകോടതിവിധി ചരിത്രപരമെന്ന് രാഷ്ട്രീയപ്രമേയം പറഞ്ഞു. രാഷ്ട്രീയഎതിരാളികളും ചില സന്നദ്ധസംഘടനകളും ചില മാധ്യമങ്ങളും ചേര്‍ന്ന് മോദിക്കുനേരെ ദുരാരോപണങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. കാളകൂടം വിഴുങ്ങിയ നീലകണ്ഠനെപ്പോലെ മോദി അക്ഷോഭ്യനായി നിലകൊണ്ടെന്ന് രാഷ്ട്രീയപ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

BJP Mission South India 2024  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment